
കുരുതി കൊടുക്കരുത്, മനുഷ്യരെ
റേഷൻ കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും മറ്റും മുന്നിൽ അച്ചടക്കത്തോടെ ക്യൂ നിന്ന മലയാളി ഇന്നലെ അതെല്ലാം മറന്നുപോയത് മദ്യാസക്തി കൊണ്ടു മാത്രമായിരിക്കില്ല. കൊവിഡിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന തരത്തിൽ നടക്കുന്ന രാഷ്ട്രീയനീക്കങ്ങളെ ഇതുമായി കൂട്ടിവായിക്കാനാകും. പാവപ്പെട്ട ജനങ്ങളെ ഇങ്ങനെ കുരുതി കൊടുക്കരുത്.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമായ ഇന്നലെ രാവിലെ മുതൽ സംസ്ഥാനത്തുടനീളം ദൃശ്യമായ അച്ചടക്കരാഹിത്യം ഏവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. രോഗവ്യാപനം തടയുന്നതിനു വേണ്ടി ഏർപ്പെടുത്തിയ സാമൂഹ്യ അകലം വകവയ്ക്കാതെ വിദേശമദ്യ വിതരണ കേന്ദ്രങ്ങൾക്കു മുന്നിൽ തിങ്ങിക്കൂടിയവരും അവരെ അതിലേക്കു നയിച്ചവരും തെറ്റായ സന്ദേശമാണ് നൽകുന്നത്. റേഷൻ കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും മറ്റും മുന്നിൽ അച്ചടക്കത്തോടെ ക്യൂ നിന്ന മലയാളി ഇന്നലെ അതെല്ലാം മറന്നുപോയത് മദ്യാസക്തി കൊണ്ടു മാത്രമായിരിക്കില്ല. കൊവിഡിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന തരത്തിൽ നടക്കുന്ന രാഷ്ട്രീയനീക്കങ്ങളെ ഇതുമായി കൂട്ടിവായിക്കാനാകും. പാവപ്പെട്ട ജനങ്ങളെ ഇങ്ങനെ കുരുതി കൊടുക്കരുത്.
കൊവിഡ്- 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗ’ൺ ഘട്ടംഘട്ടമായി പിൻവലിച്ചുവരികയാണ്. ലോക്ഡൗൺ സമസ്ത മേഖലകളെയും സ്തംഭിപ്പിക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതങ്ങൾ ആഴത്തിൽ ഏൽപ്പിക്കുകയും ചെയ്തു. അതിന്റെ പ്രതിരണനങ്ങൾ സമൂഹം ഏറ്റുവാങ്ങാനിരിക്കുന്നതേയുള്ളൂ. തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും നാളുകൾ വിദൂരമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അത് സംഭവിക്കാതിരിക്കണമെങ്കിൽ ഈ രോഗത്തെ കഴിയുന്നത്ര ദൂരെ നിർത്തിയേ പറ്റൂ. അതിനുള്ള ഏറ്റവും വലിയ ഉപാധി സമ്പർക്ക സാധ്യതകൾ പരമാവധി കുറയ്ക്കുക എന്നതാണ്. അതിനുള്ള കഠിനശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകരും ശാസ്ത്ര സമൂഹവും കേന്ദ്ര, സംസ്ഥാന സർക്കാരുകളും.
രാജ്യത്തെ ആദ്യ കൊവിഡ് രോഗി കേരളത്തിലായിരുന്നെങ്കിലും രോഗം വ്യാപിക്കുന്നതിൽ നിന്നും, ദുരന്തമായി പടരുന്നതിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കാൻ സർക്കാരും ആരോഗ്യവകുപ്പും നടത്തിയ ശ്രമങ്ങളും അതിന് ഒരു ജനതയാകെ നൽകിയ പിന്തുണയും ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടപ്പോൾ ഓരോ കേരളീയനും അഭിമാനിച്ചു. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും നിന്നുള്ളവർ നാട്ടിലേക്കു മടങ്ങിവരുമ്പോൾ അവർക്കായി ശക്തമായ സംവിധാനമൊരുക്കി, അവരിലൂടെ ഉണ്ടാകാവുന്ന രോഗവ്യാപനത്തെ തടയാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് അടുത്തനാൾ വരെ ഉണ്ടായിരുന്നത്.
എന്നാൽ സമൂഹത്തിന്റെ സജീവശ്രദ്ധ പതിയേണ്ട കാര്യങ്ങളിൽനിന്ന് അവരെ അകറ്റാനുള്ള അജൻഡ എവിടെയോ പ്രവർത്തിക്കുന്നുവെന്ന് സംശയിക്കേണ്ട രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. തർക്കങ്ങളും വിവാദങ്ങളും ഭിന്നതകളും മാറ്റിവച്ച് ഏവരും ഒറ്റക്കെട്ടായി പടപൊരുതേണ്ട സമയത്ത്, കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് ഇപ്പോഴുള്ള ചില നീക്കങ്ങളെന്നത് ദുഃഖകരമാണ്. സമൂഹ വ്യാപനത്തിന്റെ നിഴലിലാണ് കേരളം ഇപ്പോൾ. ആ സത്യം തിരിച്ചറിഞ്ഞ് പൊതുഇടങ്ങളിലുള്ള സമരങ്ങളും തിരക്കുകൂട്ടലുകളും മാറ്റിവയ്ക്കുന്നില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടിവരും. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടമായ പതിനായിരങ്ങളുണ്ട് ഇവിടെ. ഇവിടെയുള്ള തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളുമെല്ലാം പട്ടിണിയുടെ വക്കിലാണ്. നാളെയെന്ത് എന്ന ചോദ്യമുയർത്തുന്ന ഈ കുടുംബങ്ങൾക്കായി അൽപസമയം നീക്കിവയ്ക്കാൻ സാധിക്കാത്ത രാഷ്ട്രീയം കൊവിഡ് അനന്തര കാലത്ത് വിലപ്പോകുമെന്നു ധരിക്കരുത്.
രോഗികളുടെ എണ്ണം ആയിരം പിന്നിട്ട് കുതിക്കുകയാണ്. നിലവിൽ രോഗമുക്തിയിലും മരണനിരക്കിലും ദേശീയ ശരാശരിയെക്കാൾ ഏറെ മെച്ചമാണ് നമ്മുടെ സ്ഥിതി. എന്നാൽ ആ നില എപ്പോൾ വേണമെങ്കിലും മാറിമറിയാം. അത് നമ്മുടെ ഓരോരുത്തരുടെയും പ്രവൃത്തിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. സുരക്ഷിതമായ ഇടമായി സംസ്ഥാനം തുടർന്നാൽ മാത്രമേ നഷ്ടമായതെല്ലാം എളുപ്പത്തിൽ തിരിച്ചുപിടിക്കാനാകൂ. വരുംദിവസങ്ങളിൽ കൂടുതൽ മേഖലകൾ തുറക്കുകയാണ്. ജീവിതം സാധാരണനിലയിലേക്കു വരികയാണ്. അതിന് സാമൂഹിക അകലം പാലിക്കലും മറ്റ് സുരക്ഷാ നടപടികളും തുടരേണ്ടതുണ്ട്. കൊവിഡുമായുള്ള യുദ്ധത്തിൽ നാം എവിടെയും എത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. മരുന്നോ, കുത്തിവയ്പോ കണ്ടുപിടിക്കുന്നതു വരെ നമുക്ക് കൊവിഡിനൊപ്പം, അതുയർത്തുന്ന ഭീഷണികൾക്കൊപ്പം പിടിച്ചുനിൽക്കേണ്ടതുണ്ട്. ജീവിക്കുകയെന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. അതുകൊണ്ട്, ജീവിക്കാൻ അനുവദിക്കുക.