http://www.metrovaartha.com/image/image.php?src=/uploads/news/29052015907565641843843876.jpg&w=710&h=400

എം.പി.വീരേന്ദ്ര കുമാറിന് വിട

എഴുത്തുകാരനും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാര്‍ എംപിക്ക് കേരളം വിടനല്‍കി. ഔദ്യോഗിക ബഹുമതികളോടെ വീരേന്ദ്ര കുമാറിന്റെ സംസ്‌കാരം വയനാട്ടിലെ കുടുംബ ശ്മശാനത്തില്‍ നടന്നു.

കോഴിക്കോട്: എഴുത്തുകാരനും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാര്‍ എംപിക്ക് കേരളം വിടനല്‍കി. ഔദ്യോഗിക ബഹുമതികളോടെ വീരേന്ദ്ര കുമാറിന്റെ സംസ്‌കാരം വയനാട്ടിലെ കുടുംബ ശ്മശാനത്തില്‍ നടന്നു. കല്‍പ്പറ്റ പുളിയാര്‍മലയില്‍ കുടുംബ ശ്മശാനത്തില്‍ മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി. മന്ത്രിമാരായ എ.കെ ശശീന്ദ്രനും കെ. കൃഷ്ണന്‍കുട്ടിയും ചടങ്ങില്‍ സംബന്ധിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ചായിരുന്നു ചടങ്ങുകള്‍.

വ്യാഴാഴ്ച രാത്രി 11.30 ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായി രുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം.1987 ല്‍ കേരള നിയമ സഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പി ന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പിടിഐ ഡയറക്ടര്‍, പിടിഐ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ അംഗം, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.