https://assets.doolnews.com/2020/05/india-china-border-issue-399x227.jpg

വ്യത്യാസങ്ങള്‍ ബന്ധത്തെ ബാധിക്കരുത്; ഇന്ത്യയുമായുള്ള തര്‍ക്കത്തില്‍ ചൈന

by

ന്യൂദല്‍ഹി: ഇന്ത്യ-ചൈന സൈന്യം തമ്മില്‍ അതിര്‍ത്തി മേഖലയില്‍ തര്‍ക്കം നിലനില്‍ക്കെ ഇന്ത്യയുമായുള്ള ചൈനയുടെ സൗഹൃദത്തിന് കോട്ടം തട്ടരുതെന്ന് വ്യക്തമാക്കി ചൈനീസ് അംബാസിഡര്‍ സണ്‍ വെയ്‌ഡൊങ്.

പരസ്പര വിശ്വാസത്തിലൂടെ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തണമെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ നിലവിലെ സൈനിക സംഘര്‍ഷ സംഭവങ്ങള്‍ അംബാസിഡര്‍ പരാമര്‍ശിച്ചിട്ടില്ല.

‘പരസ്പരമുള്ള വ്യത്യാസങ്ങള്‍ ഒരിക്കലും ഉഭയകക്ഷി ബന്ധത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയില്‍ നിഴലാവരുത്. അതേ സമയം വ്യത്യാസങ്ങള്‍ തുടരെയുള്ള ആശയവിനിമയത്തിലൂടെ മനസ്സിലാക്കണം,’ ചൈനീസ് അംബസിഡര്‍ പറഞ്ഞു.

കോണ്‍ഫഡറേഷന്‍ ഓഫ് യംഗ് ലീഡേര്‍സ് (സി.വൈ.എല്‍) നടത്തിയ ഓണ്‍ലൈന്‍ സെഷനിലാണ് അംബാസിഡറുടെ പ്രതികരണം.

ചൈനയും ഇന്ത്യയും പരസ്പരം ഭീഷണിയല്ലെന്നും ഇരു രാജ്യങ്ങളുടെയും പരസ്പര സഹകരണത്തിലൂടെയുള്ള വികസന ലക്ഷ്യങ്ങള്‍ മുന്നില്‍ കാണണമെന്നും ഇദ്ദേഹം പറഞ്ഞു.

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പെട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.