https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/9/v-muraleedharan-minister.jpg
വി.മുരളീധരൻ

‘ചക്ക തലയിൽ വീഴുമ്പോൾ കോവിഡ് കണ്ടെത്തുന്നതാണോ കേരള മോഡൽ?’

by

ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള മോഡൽ കോവിഡ് പ്രതിരോധത്തെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരള മോഡല്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് രാജ്യത്ത് ആര്‍ക്കെങ്കിലും സംശയമുണ്ടോയെന്ന് പിണറായി വിജയൻ ചോദിച്ചതിനു പിന്നാലെയാണ് നീണ്ട ചോദ്യാവലിയുമായി മുരളീധരൻ രംഗത്തെത്തിയത്.

1. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മികച്ച മാതൃകയാവണമെങ്കില്‍ ആദ്യം വേണ്ടത് പരമാവധി സാംപിള്‍ പരിശോധനകളാണ്. ലോകാരോഗ്യ സംഘടന തുടക്കം മുതല്‍ പറയുന്ന 'ടെസ്റ്റ്, ടെസ്റ്റ്’ എന്നതു തന്നെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും പറയുന്നത്.

കേരളം പക്ഷേ എന്താണ് ചെയ്തത്? ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറച്ചു. ടെസ്റ്റുകളുടെ എണ്ണം കുറയുമ്പോള്‍ രോഗികളുടെ എണ്ണവും കുറവാകും. കോവിഡ് രോഗികളില്‍ നല്ല ശതമാനവും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് എന്നത് സര്‍ക്കാരിന് ഗുണമായി. ഇന്ന് രാജ്യത്ത് പരിശോധനകളുടെ കാര്യത്തില്‍ 26ാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇത് മികച്ച മാതൃകയാണോ?

2. സമൂഹ വ്യാപനം ഇല്ല എന്ന് ഉറപ്പാക്കാന്‍ ആദ്യഘട്ടത്തിൽ തന്നെ കേരളം എന്ത് ചെയ്തു ? രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. പ്രവാസികളുടെ മടങ്ങി വരവ് തുടങ്ങിയ മേയ് 7ന് മുമ്പ് കേരളം സമൂഹവ്യാപന സൂചനകള്‍ നല്‍കിയിരുന്നോ? ഐസിഎംആര്‍ നിര്‍വചനമനുസരിച്ച് ഉറവിടം കണ്ടെത്താനാകാത്ത രോഗികളുണ്ടെങ്കില്‍ അത് സമൂഹവ്യാപനത്തിന്‍റെ ലക്ഷണമാണ്.

ഏപ്രില്‍ അവസാനവാരം മുതല്‍ ഉറവിടം കണ്ടെത്താനാകാത്ത നിരവധി രോഗികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അത് സമൂഹവ്യാപനമല്ല എന്ന് കേരളം ഉറപ്പിച്ചത് എങ്ങനെയാണ് എന്ന് ശാസ്ത്രീയമായി വിശദീകരിക്കണം.

3. ഏപ്രില്‍ 27 മുതലുള്ള താങ്കളുടെ വാര്‍ത്താക്കുറിപ്പില്‍ 'ഓഗ്‌മെന്‍റഡ് ടെസ്റ്റ് 'എന്നൊന്ന് കാണുന്നു. അത് എന്താണെന്ന് വിശദീകരിക്കണം. ഏപ്രില്‍ 30ന് 3128 സാംപിളുകള്‍ ഇത്തരത്തില്‍ പരിശോധിച്ചിട്ടുണ്ട്. ഇതില്‍ 4 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. പിന്നീട് ഓഗ്‌മെന്റ് സാംപിളുകളുടെ പ്രത്യേകമായുള്ള കണക്ക് കാണുന്നില്ല.

എന്‍റെ അറിവില്‍ യാത്രാഹിസ്റ്ററിയോ സമ്പര്‍ക്കമോ രോഗലക്ഷണമോ ഇല്ലാത്തവരെ പരിശോധിച്ച് സമൂഹവ്യാപന സാധ്യത പഠിക്കുന്നതാണ് ഓഗ്‌െമന്റ് ടെസ്റ്റ്. ശരിയല്ലെങ്കില്‍ അത് എന്താണെന്നും മേയ് 2 മുതല്‍ ഇത്തരത്തില്‍ എടുത്ത സാംപിളുകള്‍ എത്രയെന്നും അതിന്‍റെ റിസള്‍ട്ട് എത്രയെന്നും വ്യക്തമാക്കണം. ഓഗ്‌െമന്റ് സാംപിളുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റാണോ ആന്‍റിബോഡി ടെസ്റ്റാണോ നടത്തിയതെന്നും വ്യക്തമാക്കണം

4. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് രോഗികളുടെ കോവിഡ് പരിശോധന നടത്തണം. ഇത്  നടത്തിയിട്ടുണ്ടോ ? ഇനം തിരിച്ചുള്ള കണക്ക് തരുമോ ? അവയുടെ ഫലം നല്‍കിയ സൂചന എന്താണ് ?

5. പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മേയ് 5ന് പുറത്തിറക്കിയ ഉത്തരവില്‍ ക്വാറന്റീൻ ചെലവ് സ്വന്തമായി വഹിക്കണം എന്ന് പറയുന്നുണ്ട്. ഇത് പക്ഷേ നിര്‍ബന്ധമായും എന്നില്ല. ഏതെങ്കിലും സംസ്ഥാനങ്ങള്‍ പണം ചെലവിടാന്‍ തയാറാണെങ്കില്‍ തടയുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല.

മേയ് 7ന് കേരള ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പ്രവാസികളുടെ ക്വാറന്റീനായി സംസ്ഥാനം ഏതാണ്ട് 2.40 ലക്ഷം കിടക്കകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 1.53 ലക്ഷം അന്നു തന്നെ തയാറാണെന്നും പറഞ്ഞതെന്തിന്? ഇതിനു പുറമെ പണം കൊടുത്ത് താമസിക്കാന്‍ തയാറായവര്‍ക്കായി 9000 മുറികള്‍ വേറെ കണ്ടെത്തിയിട്ടുണ്ട് എന്നും ഹൈക്കോടതിയില്‍ പറഞ്ഞു. 1.53 ലക്ഷം കിടക്കകള്‍ക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചു.?

6. പ്രവാസികള്‍ക്ക് 14 ദിവസത്തെ സർക്കാർ ക്വാറന്റീൻ എന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെ ആദ്യം എതിര്‍ത്ത സംസ്ഥാനമാണ് കേരളം. ഹോം ക്വാറന്റീൻ വിജയകരമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറഞ്ഞു.

രാജ്യത്തെ ഹോട്സ്പോട്ടുകളില്‍ നിന്നെത്തിയവരെപ്പോലും വീടുകളിലേക്ക് പറഞ്ഞയച്ചു. ഹോം ക്വാറന്റീൻ വിജയകരമാണെങ്കില്‍ പുറമെ നിന്നെത്തിയവര്‍ മൂലം കോവിഡ് സമൂഹത്തില്‍ പടരില്ലല്ലോ? അപ്പോൾ ആ ആശങ്ക അടിസ്ഥാനരഹിതമല്ലേ? ദിനംപ്രതി നൂറുകണക്കിന് ക്വാറന്റീന്‍ ലംഘനങ്ങള്‍ ഉണ്ടാവുന്നത് ആരുടെ പരാജയമാണ്?

7. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശ്രമിക് ട്രെയിനില്‍ വരുന്നവര്‍ കേരള സര്‍ക്കാരിന്‍റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റർ ചെയ്യണമെന്നും അല്ലാതെ വരുന്നവര്‍ക്ക് കനത്ത പിഴയിടുമെന്നും പറയുന്നു. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റർ ചെയ്യണമെങ്കില്‍ ട്രെയിനിലെ പിഎന്‍ആര്‍ നമ്പര്‍ ചോദിക്കുന്നുവെന്ന് പറയുന്നു.

ശ്രമിക് ട്രെയിനുകളില്‍ പിഎന്‍ആര്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ റജിസ്റ്റർ ചെയ്യാനാവുന്നില്ല എന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ പറയുന്നു. ഇതിന് എന്താണ് മറുപടി.? മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ ആദ്യം തന്നെ സ്വന്തമായി ട്രെയിന്‍ ഏർപ്പാടാക്കി നോര്‍ക്കയുടെ പട്ടിക പ്രകാരം മുന്‍ഗണനയനുസരിച്ച് ആളുകളെ കൊണ്ടു പോയിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമായിരുന്നോ ?

8. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ രക്ഷപെടുത്താന്‍ സര്‍ക്കാര്‍ നേരിട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ ?

9.കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടാകുന്നത് എങ്ങനെയാണ് ? ഇവർ എല്ലാവരും നേരിട്ട് കോവിഡ് രോഗികളെ പരിചരിച്ചവരാണോ ? തടവുകാർക്ക് രോഗം കണ്ടെത്തുകയും പൊലീസുകാരും മജിസ്ട്രറ്റുമടക്കം നിരീക്ഷണത്തിലാവുകയും ചെയ്യുന്നത് എങ്ങനെയാണ് ? ചക്ക തലയിൽ വീഴുമ്പോൾ കോവിഡ് കണ്ടെത്തുന്നതിനെ താങ്കൾ കേരള മോഡൽ എന്ന് വിശേഷിപ്പിക്കുമോ ?

10. മാഹിക്കാരൻ കണ്ണൂരിൽ മരിച്ചാൽ കേരളത്തിന്റെ പട്ടികയിൽ വരില്ല. പക്ഷേ കോയമ്പത്തൂരിൽ ചികിൽസക്ക് പോയി അവിടെ മരിച്ച പാലക്കാട് സ്വദേശിയെ കേരളത്തിന്റെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ടോ ?

11. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഞാന്‍ പങ്കെടുത്തില്ല എന്ന ആക്ഷേപത്തെക്കുറിച്ച്. കേരളത്തിന് പറയാനുള്ള കാര്യങ്ങളില്‍ കേന്ദ്രനിലപാട് അറിയാനായിരുന്നു എന്നെ പ്രതീക്ഷിച്ചതെന്ന് താങ്കള്‍ പറഞ്ഞത് കേട്ടു. കേന്ദ്രത്തിന്‍റെ വിശദീകരണം പറയണം എന്ന നിലയില്‍ എന്നെ ക്ഷണിച്ചതിന്‍റെ രേഖ പുറത്തുവിടാമോ.?

ഡല്‍ഹിയില്‍ വന്ദേ ഭാരത് മിഷന്‍ പോലൊരു വന്‍ ദൗത്യത്തിന്‍റെ ഭാഗമായിരിക്കുന്ന എനിക്ക് ഏതെങ്കിലും ജില്ലാ കലക്ടറേറ്റില്‍ വരണം എന്നൊരു പൊതു അറിയിപ്പ് മാത്രമാണ് കിട്ടിയത്. എന്‍റെ ഓഫിസിലേക്ക് കോള്‍ കണക്ട് ചെയ്തുവെന്നും ഞാന്‍ വേഗം പോയി എന്നും താങ്കള്‍ പറഞ്ഞു. ആ കോളില്‍ എന്നെ കണ്ടതിന്‍റെ ദൃശ്യങ്ങള്‍ കൂടി അങ്ങ് പുറത്തുവിടണം.

English summary: V Muraleedharan's questions to CM Pinarayi Vijayan