https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/27/pm-modi-popy.jpg
പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്ഡൗണ്‍ അഞ്ചാംഘട്ടം?: 31ന് പ്രധാനമന്ത്രി‌ രാജ്യത്തെ അഭിസംബോധന ചെയ്യും

by

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 31ന് മാൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാംഘട്ട ലോക്ഡൗണിന്റെ അവസാന ദിവസമായ അന്ന് അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച് വ്യക്തമാക്കും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുമെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 70 ശതമാനവും ഉള്ള 11 നഗരങ്ങളിൽ ജൂൺ 1 മുതലുള്ള അഞ്ചാംഘട്ട ലോക്ഡൗണ്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുംബൈ, ഡൽഹി, ബെംഗളൂരു, പുണെ, താനെ, ഇൻഡോർ, ചെന്നൈ, അഹമ്മദാബാദ്, ജയ്പുർ, സൂററ്റ്, കൊൽക്കത്ത എന്നിവിടങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തെ മൊത്തം 1.51 ലക്ഷം കോവിഡ് കേസുകളിലെ 60 ശതമാനവും മുംബൈ, അഹമ്മദാബാദ്, ഡൽഹി, പുണെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ്. ആകെ കോവിഡ് കേസുകളുടെ 80 ശതമാനവും റിപ്പോർട്ട് ചെയ്ത 30 മുനിസിപ്പൽ കോർപ്പറേഷനുകളുടെ പട്ടിക കേന്ദ്രം നേരത്തെ തയാറാക്കിയിരുന്നു.

അഞ്ചാംഘട്ട ലോക്ഡൗണിൽ നിബന്ധനകളോടെ മതപരമായ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചേക്കാം. എന്നാൽ ഉത്സവങ്ങള്‍ പോലുള്ള മതപരമായ ചടങ്ങുകൾക്ക് അനുവാദമുണ്ടാകില്ല. ഒത്തുകൂടലിനും നിയന്ത്രണമുണ്ടാകും. മത സ്ഥാപനങ്ങളിൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കും. ജൂൺ ഒന്നുമുതൽ എല്ലാ മതസ്ഥലങ്ങളും തുറക്കണമെന്ന് കർണാടക സർക്കാർ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുകയും കത്തു നൽകുകയും ചെയ്തിരുന്നു.

നാലാംഘട്ട ലോക്ഡൗണിൽ ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിച്ചതിനാൽ, അഞ്ചാംഘട്ട ലോക്ഡൗണിൽ കണ്ടെയ്‌ൻ‌മെന്റ് സോണുകൾ‌ ഒഴികെയുള്ള എല്ലാ സോണുകളിലും ജിമ്മുകൾ‌ തുറക്കാൻ‌ അനുവദിച്ചേക്കാം. അതേസമയം, സ്കൂളുകളും കോളജുകളും ഉൾപ്പെടെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുവാദമുണ്ടാകില്ല. മാളുകളും സിനിമാ തിയറ്ററുകളും അടച്ചിടുന്നത് തുടരാനാണ് സാധ്യത. വിവാഹ, ശവസംസ്കാര ചടങ്ങുകളിൽ പരിമിതമായ ആളുകൾക്ക് പങ്കെടുക്കാവുന്നത് തുടരും.

English Summary: PM Modi may announce Lockdown 5.0 on Mann Ki Baat, ease restrictions in most of India