https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/27/food-hotel.jpg
പ്രതീകാത്മക ചിത്രം

കൊച്ചിയിൽ ഹോട്ടലിൽ ഭക്ഷണം വിളമ്പി; കഴിച്ചവർക്കും ഉടമയ്ക്കും എതിരെ നടപടി

by

കൊച്ചി ∙ കോവിഡ് സമൂഹവ്യാപന സാധ്യത നിലനിൽക്കെ കൊച്ചി ബ്രോഡ്‍വേയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നടന്ന ദ്രുത പരിശോധനയ്ക്കിടെയാണു സാമൂഹിക അകലമോ ലോക്ഡൗൺ നിർദേശങ്ങളോ പാലിക്കാതെ ഭക്ഷണം കഴിക്കുകയായിരുന്ന ആളുകളെ കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പരുത് എന്ന നിർദേശം നിലനിൽക്കെ ലോക്ഡൗൺ ചട്ടം ലംഘിച്ച ഹോട്ടലുടമയ്ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. തുണിക്കടകളിലും സാമൂഹിക അകലം പാലിക്കാത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടപടി സ്വീകരിച്ചു.

ഇന്ന് ഉച്ചയോടെയാണ് എറണാകുളം മാർക്കറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. ലോക്ഡൗൺ ലംഘിച്ച് ആളുകൾ കൂട്ടമായി നഗരത്തിലെത്തുകയും വൈകുന്നേരങ്ങളിൽ പുറത്തിറങ്ങുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐജിയും സംഘവും പരിശോധനയ്ക്കിറങ്ങിയത്. മാസ്ക് ധരിക്കാത്തവർക്കു കർശന നിർദേശം നൽകുകയും ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പരിശോധനയിൽ അനാവശ്യമായി ഏഴുമണിക്കു ശേഷം സഞ്ചരിക്കുകയായിരുന്ന 200 പേർക്കെതിരെ കൊച്ചിയിൽ മാത്രം നടപടി എടുത്തു.

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ലോക്ഡൗൺ നാലാംഘട്ടത്തിലേക്കു കടക്കും എന്നിരിക്കെ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെയാണു രോഗവ്യാപന സാധ്യതകൾ അവഗണിച്ചു കൂടുതൽ ആളുകൾ റോഡിലിറങ്ങുന്നത്. ഓഫിസുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പ്രവർത്തനം അനുവദിച്ചതിനു പിന്നാലെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം സാധാരണ നിലയിലായി. മാർക്കറ്റിലും മറ്റും മാസ്ക് ധരിക്കാൻ മടിക്കുന്നവരെയും കടകൾക്കു മുന്നിൽ കൂട്ടംകൂടുന്നതുമെല്ലാം പതിവായി. ഇതെല്ലാം വരും ദിവസങ്ങളിൽ ഗുരുതരമായ ഭവിഷ്യത്തിന് ഇടയാക്കുമെന്നാണു കരുതുന്നത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ നഗരത്തിലും ആളുകൾ എത്തുന്ന സ്ഥലങ്ങളിലെല്ലാം സാനിറ്റൈസറും സോപ്പും വെള്ളവും കരുതിയിരുന്നെങ്കിലും ഇപ്പോൾ മിക്ക സ്ഥലങ്ങളിലും കാലിയായ പാത്രങ്ങൾ മാത്രമാണുള്ളത്. കൂടുതൽ ആളുകൾ എത്തിയതോടെ ഇവിടങ്ങളിൽ സൂക്ഷിച്ചു വച്ചിരുന്ന സാനിറ്റൈസറും വെള്ളവും തീരുന്ന സാഹര്യമാണ്. മിക്ക കടകളിലും എടിഎമ്മുകളിൽ പോലും സാനിറ്റൈസർ കരുതുന്നില്ലെന്നു പരാതിയുണ്ട്. ഇതെല്ലാം വരും ദിവസങ്ങളിൽ രോഗവ്യാപന സാധ്യത വർധിപ്പിച്ചേക്കും. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഐജി പറഞ്ഞു.

English Summary: Lockdown violation: Action against hotel owner & customers in Kochi