https://www.deshabhimani.com/images/news/large/2020/05/untitled-1-869839.jpg

ഉത്രയുടെ ഇടതുകൈയിൽ രണ്ടുതവണ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു; അറിയാതിരുന്നതിന്‌ കാരണം രാസപരിശോധനയിൽ വ്യക്തമാകും

by

കൊല്ലം > അഞ്ചൽ ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25)യുടെ മരണം പാമ്പുകടിയേറ്റാണെന്ന്‌ പോസ്റ്റ്‌മോർട്ടം ‌റി‌പ്പോർട്ടിൽ സ്ഥിരീകരണം‌. വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെ തുടർന്നാണ്‌‌ മരണം. ഉത്രയുടെ ഇടതുകൈയിൽ രണ്ടുതവണയാണ്‌ പാമ്പുകടിച്ചത്‌. കടിച്ചത്‌ മൂർഖൻ പാമ്പാണെന്നാണ്‌ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ബുധനാഴ്‌ചയാണ്‌‌ അന്വേഷകസംഘത്തിനു‌ ലഭിച്ചത്‌. തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിലായിരുന്നു ഉത്രയുടെ പോസ്റ്റ്‌‌മോർട്ടം നടത്തിയത്‌‌. ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. കടിച്ച പാമ്പിന്റെ മാംസം, വിഷപ്പല്ലുകൾ ഉൾപ്പെടെ അവശിഷ്ടങ്ങൾ രാസപരിശോധനയ്‌ക്കായി രാജീവ്‌ഗാന്ധി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചു. പാമ്പുകടിയേറ്റത്‌ ഉത്ര അറിയാതിരുന്നതിന്റെ കാരണം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരുന്നതോടെ വ്യക്തമാകും.