പിപിഇ കിറ്റിന് കോഴ; ഹിമാചൽ ബിജെപി അധ്യക്ഷൻ രാജിവച്ചു
by വെബ് ഡെസ്ക്ന്യൂഡൽഹി > പിപിഇ കിറ്റ് വിതരണത്തിലെ കോഴവിവാദത്തിൽ കുടുങ്ങിയ ബിജെപി ഹിമാചൽപ്രദേശ് സംസ്ഥാന അധ്യക്ഷൻ രാജീവ് ബിൻഡാൽ രാജിവച്ചു. അഞ്ചു ലക്ഷം രൂപ കോഴ ചോദിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന ആരോഗ്യസേവന ഡയറക്ടർ അജയ് കുമാർ ഗുപ്‌തയെ വിജിലൻസ് അറസ്‌റ്റുചെയ്‌തതിനു പിന്നാലെയാണ് ബിൻഡാലിന്റെ രാജി. പിപിഇ കിറ്റുകളുടെ വിതരണ കരാർ ഉറപ്പിക്കാനാണ് കോഴ ചോദിച്ചത്. ഗുപ്‌തയുടെ അഴിമതികൾക്കു പിന്നിൽ ബിജെപി നേതാക്കളാണെന്ന് ആരോപണമുയർന്നു. ധാർമികത ഉയർത്തിപ്പിടിക്കാനാണ് രാജിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്‌ക്ക് അയച്ച കത്തിൽ ബിൻഡാൽ പറഞ്ഞു. കോവിഡ് കാലത്തും ബിജെപിയുടെ ശ്രദ്ധ അഴിമതിയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു.