വെട്ടുകിളി ആക്രമണം മഹാരാഷ്ട്രയിലേക്കും; പഞ്ചാബില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്താനില്‍നിന്ന് വെട്ടുകിളി കൂട്ടം എത്തിയത്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള വെട്ടുകിളി ആക്രമണമാണ് മധ്യപ്രദേശിലുണ്ടായത്.

https://www.mathrubhumi.com/polopoly_fs/1.4494910.1580611676!/image/image.jpg_gen/derivatives/landscape_894_577/image.jpg
Representative Image. Getty Images

ന്യൂഡല്‍ഹി: കനത്ത വിളനാശത്തിന് കാരണമായ വെട്ടുകിളി ആക്രമണം രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങള്‍ക്കുശേഷം വെട്ടുകിളി ആക്രമണം മഹാരാഷ്ട്ര, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. നാല് സംസ്ഥാനങ്ങളിലെ 20 ജില്ലകളില്‍ 47000 ഹെക്ടര്‍ പ്രദേശത്ത് മരുന്ന് തളിക്കല്‍ നടത്തിക്കഴിഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയം 11 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കീടനാശിനി കമ്പനി പ്രതിനിധികളുടെയും യോഗം മൂന്നു തവണ വിളിച്ചുകഴിഞ്ഞു. കീടനാശിനി തളിക്കുന്നതിനുവേണ്ടി ഡ്രോണുകള്‍ അടക്കമുള്ളവ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും തുടങ്ങിക്കഴിഞ്ഞു. പച്ചക്കറി കൃഷിക്കും പയര്‍ വര്‍ഗങ്ങള്‍ക്കുമാണ് വെട്ടുകിളി ആക്രമണം നിലവില്‍ ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ മറ്റുവിളകളെ ബാധിക്കാത്ത തരത്തില്‍ കാലവര്‍ഷത്തിന് മുമ്പ് വെട്ടുകിളി ഭീഷണി ഒഴിവാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

മധ്യപ്രദേശില്‍നിന്ന് യുപിയിലെ ഝാന്‍സി ജില്ലയില്‍ ബുധനാഴ്ച വെട്ടുകിളികള്‍ എത്തിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വെട്ടുകിളികള്‍ എത്തിയിട്ടുള്ളത്. വെട്ടുകിളി ആക്രമണം മുന്നില്‍ക്കണ്ട് പഞ്ചാബ് അതീവ ജാഗ്രത പാലിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.

ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്താനില്‍നിന്ന് വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. രാജസ്ഥാനിലെ 18ഉം മധ്യപ്രദേശിലെ 12ഉം ജില്ലകളിലെ വിളകളെ അവ നശിപ്പിച്ചു. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള വെട്ടുകിളി ആക്രമണമാണ് മധ്യപ്രദേശിലുണ്ടായത്.

Content Highlights: Locust attack spreads to Maharashtra; Punjab on high alert