https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2020/5/27/biji-mol-dubai.jpg

ഭർത്താവിനെ അവസാനമായി കാണാൻ പോലും സാധിച്ചില്ല; 5 മാസത്തിനു ശേഷം ബിജിമോൾ നാട്ടിലേക്ക്

by

ദുബായ് ∙ ജീവിതപ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ ദിനങ്ങളിലൂടെ കടന്നുപോയ ബിജി മോൾ ഒടുവിൽ നാടണയുന്നു. പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ ദുബായിൽ കുടുങ്ങിയ എറണാകുളം കളമശ്ശേരിയിൽ താമസിക്കുന്ന ബിജിമോൾ നാളെ (28) രാവിലെ 11.50ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന വിമാനത്തിൽ യാത്ര തിരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 5.25ന് കൊച്ചിയിലെത്തും. അഞ്ച് മാസങ്ങൾക്ക് ശേഷമുള്ള മടയക്കയാത്രാ ടിക്കറ്റ് ബിജിമോൾക്ക് ഇന്ത്യൻ കോൺസുലേറ്റിന് വേണ്ടി സാമൂഹിക പ്രവർത്തകൻ പ്രവീൺ കൈമാറി.

കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ മാതാവായ ഇൗ യുവതിക്ക് അർബുദം ബാധിച്ച് മരിച്ച ഭർത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായി കാണാൻ സാധിക്കാതെയായത്. മരിക്കുന്നതിന് മുന്‍പ് മാസങ്ങളോളം ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്. ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്നു മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും ദുബായിൽ കുടുങ്ങിയ ബിജിമോളെക്കുറിച്ച് മനോരമ ഒാൺലൈൻ അട‌ക്കമുള്ള മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ഇതേ തുടർന്ന് യുഎഇയിലെ ഒട്ടേറെ മനുഷ്യസ്നേഹികൾ ഇവർക്ക് സഹായം നൽകുകയും ചെയ്തു.

അബുദാബിയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മലയാളി ബിസിനസുകാരൻ  ബിജിമോളുടെ ഇവിടുത്തെ താമസ ചെലവിനും നാട്ടിലുള്ള മക്കളുടെ ഭാവി ശോഭനമാക്കുന്നതിന് വേണ്ടിയും നല്ലൊരു തുക കൈമാറി. മറ്റു പല മനുഷ്യസ്നേഹികളും ഭക്ഷണസാധനങ്ങളുൾപ്പെടെ സഹായം എത്തിച്ചിരുന്നു. തുടർന്ന് നോർക്കയും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് ദുബായിലെ ഹോട്ടലിൽ താമസ സൗകര്യമൊരുക്കുകയും സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ഡൽഹിയിലെ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ്(ഡിഎംസി) കൊ ഒാർഡിനേറ്റർ ദീപാ മനോജ് ടെലിഫോണിലൂടെ ബന്ധപ്പെട്ട് നാട്ടിൽ തുടർ ജീവിതത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മക്കളെ പിരിഞ്ഞ് യുഎഇയിലെത്തിയത് ഉപജീവനം തേടി

ഭർത്താവിന്റെ ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെൺകുട്ടികള്‍ക്ക് മികച്ച ജീവിതം നൽകാനും ഉദ്ദേശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏൽപിച്ചാണ് ബിജിമോൾ ദുബായിലെത്തിയത്. യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്‍റ്  യതീഷിന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് തനിക്ക് നൽകിയത് സന്ദർശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരിൽ നിന്ന് പലിശയ്ക്കായിരുന്നു മൂന്നു ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി മോൾ പറഞ്ഞു. ഏജന്റ് ചതിച്ചതിനാൽ ജോലി ലഭിച്ചില്ല. ഇതിനിടെ മാർച്ച് 24നാണ് വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത് മരിച്ചു. 

മരണാനന്തര ചടങ്ങിൽ നാട്ടിലേയ്ക്ക് പോകാനാകാത്തതിനാൽ വിഡിയോ കോണ്‍ഫറൻസ് വഴിയാണ് ആ മുഖം അവസാനമായി ദർശിച്ചത്. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന  15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കൾ. ബിജിമോളുടെ കദനകഥ ശ്രദ്ധയിൽപ്പെട്ട നോർക്കാ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പ്രശ്നത്തിൽ ഇടപെടുകയും ബിജിമോൾക്ക് സംരക്ഷണം ഉറപ്പാക്കുകയുമായിരുന്നു. നാ‌‌ട്ടിലുള്ള മക്കൾക്ക് വിദ്യാഭ്യാസത്തിന് സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. നോർക്ക പ്രതിനിധികളായി അൻപോടു യുഎഇ പ്രവർത്തകരായ ബദ്റുദ്ദീൻ പാണക്കാട്ട്, ബിന്ദു നായർ എന്നിവർ ബിജിമോളെ സന്ദർശിച്ചു താമസ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ദുരിത ദിനങ്ങളിൽ തനിക്കും മക്കൾക്കും താങ്ങായി നിന്ന എല്ലവര്‍ക്കും അകമഴിഞ്ഞ നന്ദിയോടെയാണ് സങ്കടക്കടൽ താണ്ടിയ ബിജി മോൾ യാത്രയാകുന്നത്.