ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398898/donld-trump.jpg

വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍ വിഷയത്തിലും ഇടപെടാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു.

അതേസമയം ഇക്കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചോ എന്ന കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ വക്താക്കള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചു.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സേന തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്നും ചൈന അറിയിച്ചു. നിയന്ത്രണരേഖയിലെ പട്രോളിങിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയും ആരോപിച്ചിരുന്നു