അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത; മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക്

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

https://www.mathrubhumi.com/polopoly_fs/1.3201031.1538803612!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി/തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി മേയ് 31നും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി മേയ് 29നും രണ്ട് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ മേയ് 28 മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു.

നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുന്നവര്‍ മേയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ കണ്ടത്തി കോവിഡ് മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിവെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മണല്‍ച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ന്യൂനമര്‍ദം സ്വാധീനത്താല്‍ മഴ ലഭിക്കുന്ന ഘട്ടത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട്. അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

content highlights: twin low pressure warning, meteorological department, twin low pressure