ട്വിറ്ററിന്‍റെ 'ഫാക്ട്‌ചെക്ക്' മുന്നറിയിപ്പ്; സോഷ്യല്‍ മീഡിയകള്‍ അടച്ചുപൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി

https://www.mathrubhumi.com/polopoly_fs/1.2762685.1536169770!/image/image.jpg_gen/derivatives/landscape_894_577/image.jpg

വാഷിങ്ടണ്‍: ട്വിറ്റര്‍ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. മെയില്‍ ഇന്‍ ബാലറ്റുകളെ 'വഞ്ചന' എന്ന് വിളിക്കുകയും മെയില്‍ ബോക്‌സുകള്‍ കവരുമെന്ന് പ്രവചിക്കുകയും ചെയ്ത ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍  മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇത്.

ശക്തമായ നിയമനിര്‍മാണം കൊണ്ടുവരികയോ അവരെ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നിശ്ശബ്ദരാക്കാനാണ് ശ്രമം. 2016ല്‍ അവര്‍ അതിന് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തത് നാം കണ്ടു. അതിന്റെ പുതിയ പതിപ്പുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. മെയില്‍ ഇന്‍ ബാലറ്റുകള്‍ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവര്‍ത്തിച്ചു.

വോട്ട് ബൈ മെയില്‍ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പു വേളകളില്‍ ആളുകളെ ഭയപ്പെടുത്താനോ തടയാനോ ഉദ്ദേശിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടുന്നത് ട്വിറ്റര്‍ നയം വിലക്കുന്നുണ്ടെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി.

ട്വിറ്റര്‍ 2020 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്നും. പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഇതിന് അനുവദിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ഇതിനോട് നേരത്തെ പ്രതികരിച്ചിരുന്നു. ട്വിറ്ററിന് വ്യക്തമായ രാഷ്ട്രീയ പക്ഷപാതമുണ്ടെന്നും മാസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പരസ്യങ്ങളെല്ലാം പിന്‍വലിപ്പിച്ചുവെന്നും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജര്‍ ബ്രാഡ് പാര്‍സ്‌കേല്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ട്രംപ് പുതിയ ഭീഷണി മുഴക്കിയത്.

Content Highlights: Trump threatens to ‘close down’ social media after Twitter fact check