അഴിമതി ആരോപണം; ഹിമാചല്‍ പ്രദേശിലെ ബിജെപി നേതാവ് രാജിവെച്ചു

https://www.mathrubhumi.com/polopoly_fs/1.4788108.1590594273!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തിനു പിന്നാലെ ഹിമാചല്‍ പ്രദേശ് ബിജെപി നേതാവ് രാജീവ് ബിന്ദാല്‍ രാജിവെച്ചു. 

അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഡയറക്ടര്‍ സ്ഥാനത്തുള്ള അജയ് കുമാര്‍ ഗുപ്തയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെയായിരുന്നു വിജിലന്‍സ് നടപടി. തുടര്‍ന്ന് ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. 

സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബിജെപി തലവനുള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന ശക്തമായ ആരോപണത്തെ തുടര്‍ന്നാണ് ബിജെപി നേതാവ് രാജീവ് ബിന്ദാല്‍ രാജിവെച്ചത്. കോവിഡ് കാലത്തുള്ള അഴിമതിയിലൂടെ പുറത്തുവരുന്നത് ബിജെപിയുടെ യഥാര്‍ഥ മുഖമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ മുകേഷ് അഗ്നിഹോത്രി ആരോപിച്ചു. ബിജെപിയുടെ തകര്‍ച്ച ആരംഭിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് സിങ് വിമര്‍ശിച്ചത്. 

ഇതിനുപിന്നാലെയാണ് ധര്‍മികതയുടെ പേരില്‍ രാജിവെക്കുന്നുവെന്ന് കാണിച്ച് രാജീവ് ബിന്ദാല്‍ രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് ബിജെപി മുതിര്‍ന്ന നേതാവ് ജഗത്ത് പ്രകാശ് നഡ്ഡയ്ക്ക് കൈമാറി. 

Content Highlights: Himachal BJP Chief Resigns Amid Health Corruption Scandal