ട്വന്റി20 ലോകകപ്പ് നികുതിയിളവ്; ഐസിസിയും ബിസിസിഐയും തമ്മിൽ തർക്കം
by മനോരമ ലേഖകൻന്യൂഡൽഹി ∙ അടുത്ത വർഷം ഇന്ത്യ വേദിയാകുന്ന ട്വന്റി20 ലോകകപ്പിനെച്ചൊല്ലി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) തർക്കത്തിൽ. കേന്ദ്ര സർക്കാരിൽനിന്നു ടൂർണമെന്റിന്റെ നികുതിയിളവ് വാങ്ങിയെടുക്കുന്നതിൽ ബിസിസിഐ വരുത്തുന്ന കാലതാമസമാണ് ഐസിസിയെ ചൊടിപ്പിക്കുന്നത്. ലോക്‌ഡൗണിനുശേഷം നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു ബിസിസിഐ നിലപാട്. എന്നാൽ, ഇനിയും വൈകിച്ചാൽ ഇന്ത്യയ്ക്ക് അനുവദിച്ച ലോകകപ്പ് റദ്ദാക്കുമെന്നുവരെ ഐസിസി ഭീഷണി മുഴക്കിയത്രേ. 2021ൽ തീരുമാനിച്ച ഐസിസി ചാംപ്യൻസ് ട്രോഫിക്കു പകരമായാണു ട്വന്റി20 ലോകകപ്പ് നടത്തുന്നത്.
കഴിഞ്ഞ ഡിസംബറിനു മുൻപായി നികുതിയിളവ് സംബന്ധിച്ച ഉറപ്പു വാങ്ങണമെന്നായിരുന്നു ഐസിസിയുടെ നിർദേശം. എന്നാൽ, കേന്ദ്ര സർക്കാർ കർശന നിലപാടെടുത്തതോടെ ബിസിസിഐ കുടുങ്ങി. 2016ലെ ട്വന്റി20 ലോകകപ്പിനു നികുതി ഇളവു ചെയ്തുകൊടുത്ത നടപടി ഇപ്പോൾ ട്രൈബ്യൂണലിന്റെ മുന്നിലാണ്. അതിനാൽതന്നെ ധനകാര്യ മന്ത്രാലയം വിട്ടുവീഴ്ചയ്ക്കു തയാറായതുമില്ല.
ഈ സാഹചര്യത്തിലാണ് ഐസിസി ആവശ്യപ്പെട്ട പ്രകാരം നികുതിയിളവു സംബന്ധിച്ച ഉറപ്പു നൽകാൻ ബിസിസിഐക്കു കഴിയാതെ പോയത്. ചാനൽ സംപ്രേഷണത്തിനായുള്ള ഉപകരണങ്ങളുടെ ഇറക്കുമതി ചുങ്കം ഒഴിവാക്കണമെന്നാണ് ഐസിസി പ്രധാനമായും ആവശ്യപ്പെടുന്നത്. സർക്കാരിൽനിന്ന് അനൂകൂല നടപടി ഉണ്ടായില്ലെങ്കിൽ, ടൂർണമെന്റിലൂടെ ബിസിസിഐക്കു ലഭിക്കുന്ന വരുമാനത്തിൽനിന്ന്, നികുതിത്തുക കുറയ്ക്കാമെന്ന ഫോർമുലയും ഐസിസി പങ്കുവയ്ക്കുന്നുണ്ട്.
ഐസിസി യോഗം ഇന്ന്; ഐപിഎല്ലിനായി ട്വന്റി20 ലോകകപ്പ് മാറ്റുമോ?
ദുബായ് ∙ ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നിശ്ചയിച്ചിട്ടുള്ള ട്വന്റി20 ലോകകപ്പ് 2022ലേക്കു മാറ്റുമോ? ലോകകപ്പ് മാറ്റുമ്പോൾ അതേ കാലയളവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് അരങ്ങുണരുമോ? രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ബോർഡ് യോഗം വിഡിയോ കോൺഫറൻസിലൂടെ ഇന്നു നടക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത് ഈ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകുമോ എന്നറിയാനാണ്.
ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമാരോ ബോർഡ് നിയോഗിച്ച അംഗങ്ങളോ ആണ് ഐസിസി യോഗത്തിൽ പങ്കെടുക്കുക. ഇന്ത്യൻ ബോർഡിന്റെ പ്രതിനിധികളായി പ്രസിഡന്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും പങ്കെടുക്കും.
ഗ്രേവ്സ് v/s ഗാംഗുലി
ദുബായ് ∙ നിലവിലെ ചെയർമാൻ ശശാങ്ക് മനോഹറിനു പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും ഇന്ന് ഐസിസി ചർച്ചയുണ്ടാകും. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കോളിൻ ഗ്രേവ്സ് പുതിയ അധ്യക്ഷനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, സൗരവ് ഗാംഗുലിയുടെ പേരും വ ന്നതോടെ രംഗം ചൂടുപിടിച്ചു. രണ്ടിലധികം ബോർഡ് ഡയറക്ടർമാരുടെ നാമനിർദേശം ലഭിച്ചാൽ ഐസിസി ചെയർമാൻ സ്ഥാനത്തേക്കു മത്സരിക്കാൻ കഴിയും.
ഇന്ത്യ v/s ഓസീസ്
സിഡ്നി ∙ കോവിഡ് ആശങ്കയ്ക്കിടെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് അന്തിമ തീരുമാനമായെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യ ടെസ്റ്റ് ഡിസംബർ 3നു ബ്രിസ്ബെയ്നിൽ തുടങ്ങും. 2–ാം ടെസ്റ്റ് അഡ്‌ലെയ്ഡിൽ ഡിസംബർ 11 മുതൽ. ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ. പുതുവർഷ ടെസ്റ്റ് ജനുവരി 3 മുതൽ സിഡ്നിയിൽ. അഡ്‌ലെയ്ഡിലേത് പകൽ – രാത്രി ടെസ്റ്റ് ആയിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.