ബവ്ക്യൂ: അവസാനവട്ട പരിശോധന നടത്തി; ഇതുവരെ കിട്ടിയത് 10 ലക്ഷം എസ്എംഎസ്
by മനോരമ ലേഖകൻകൊച്ചി ∙ ബവ്ക്യൂ ആപ്പ് അവസാനവട്ട പരിശോധനകളും പൂർത്തിയാക്കി പ്ലേസ്റ്റോറിൽ പബ്ലിഷ് ചെയ്യുന്നതിന് നൽകിയെന്ന് ഫെയർകോഡ് ടെക്നോളജീസ് ചീഫ് ടെക്നിക്കൽ ഓഫിസർ രജിത് രാമചന്ദ്രൻ. പ്ലേസ്റ്റോറിൽ ലൈവായിക്കഴിഞ്ഞാൽ ആളുകൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. നിലവിൽ പ്രൊഡക്ഷൻ റോൾഔട്ട് കൊടുത്തിട്ടുണ്ട്. സാധാരണയിൽ കവിഞ്ഞ സമയം ഇതിനെടുക്കുന്നതിനാലാണ് വൈകുന്നത് എന്നാണ് ഗൂഗിളുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പബ്ലിഷ് ആയി ജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂസർ മാന്വൽ പുറത്തു പോയതിനെ തുടർന്ന് നിരവധി ആളുകൾ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും ഇതിനകം ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ ആർക്കെങ്കിലും ടോക്കണുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് അസാധുവായിരിക്കും. ആപ് പബ്ലിഷ് ആയതിനു ശേഷം ലഭിക്കുന്ന ടോക്കണുകൾക്കു മാത്രമേ സാധുതയുണ്ടാകൂ. അതിനു മുമ്പ് എപികെ വഴി ബുക് ചെയ്തവരുടെ ടോക്കണുകളും സാധുവായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്ലേസ്റ്റോർ ലിങ്ക് ബുധനാഴ്ച രാത്രി എട്ടുമണിക്കുള്ളിൽ ലഭ്യമാകുമെന്നായിരുന്നു ഫെയർകോഡ് ടെക്നോളജീസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.
പബ്ലിഷിങ് നീളുന്നതിനാൽ ഏതാനും മണിക്കൂറുകൾ കൂടെ നീണ്ടേക്കും. സർക്കാരിൽ നിന്നുള്ള നിർദേശപ്രകാരം വ്യാഴം രാവിലെ ആറുമണിക്കുള്ളിൽ ആപ് ജനങ്ങൾക്ക് ലഭ്യമാക്കിയാൽ മതിയാകും. രാവിലെ ഒമ്പതു മുതലാണ് മദ്യവിൽപന ആരംഭിക്കുക. ‘ഇതിനിടെ ബീറ്റ വേർഷൻ ടെസ്റ്റിനിടെ ചോർന്നത് പ്രതിസന്ധിയായിട്ടുണ്ട്. ആപ് സർവീസ് അനുവദിച്ച സമയത്തിനുള്ളിൽ ആക്ടിവേറ്റ് ചെയ്യും. എസ്എംഎസ് ഗേറ്റ് വേ തകരാറിലായെന്ന മട്ടിലുള്ള പ്രചരണത്തിലും വസ്തുതയില്ല. വാട്സാപ്പിലൂടെ ഷെയർ ചെയ്ത് ലഭിക്കുന്ന ഫയൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതില്ല. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പാണ് ഉപയോഗിക്കേണ്ടത്. ആപ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ എസ്എംഎസ് ഗേറ്റ് വേയും ആക്ടീവാകും’– കമ്പനി അധികൃതർ വിശദീകരിക്കുന്നു.
‘എപികെ ഫയൽ ചോർന്നത് കമ്പനിയിൽ നിന്നോ ജീവനക്കാരിൽ നിന്നോ അല്ല. കർശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസർ മാന്വൽ പുറത്തു വിട്ടതും കമ്പനിയിൽ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വൽ പുറത്തായത്. ഇതിലും ജീവനക്കാർ ആരും ഉത്തരവാദികളല്ല’ എന്നും ഇവർ പറയുന്നു.
നിലവിൽ ബീറ്റ വേർഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തവർക്ക് ഒടിപി ലവൽ വരെ പ്രവേശിക്കാനാകുന്നുണ്ട്. എസ്എംഎസ് ഗേറ്റ്‍വേ ഡിസേബിൾ ആയതിനാൽ അടുത്ത ലവലിലേയ്ക്ക് എത്താനാകില്ല. അതുപോലെ ബീറ്റ വേർഷനിൽ ടോക്കൺ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അസാധുവായിരിക്കുമെന്നും ഫെയർകോഡ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഫെയർ കോഡ് ടെക്നോളജീസിന്റെ ഫേസ്ബുക്ക് പേജിൽ ആപ് വരാത്തതിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ബഹളമാണ്.
English Summary: BevQ app updates