സമരത്തില്‍ പങ്കെടുത്തവര്‍ക്ക് സ്‌കോളര്‍ഷിപ്പില്ല: സര്‍ക്കുലര്‍ പോണ്ടിച്ചേരി സര്‍വകലാശാല പിന്‍വലിച്ചു
ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിവാദ സര്‍ക്കുലര്‍ സര്‍വകലാശാല ബുധനാഴ്ച പിന്‍വലിച്ചത്
by അനൂപ് ദാസ്ചെന്നൈ: ക്യാമ്പസില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അയോഗ്യത ഏര്‍പ്പെടുത്തി പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പോണ്ടിച്ചേരി സര്‍വകലാശാല പിന്‍വലിച്ചു.
ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന് കഴിഞ്ഞ സെമസ്റ്ററില്‍ സമരത്തില്‍ പങ്കെടുത്തവരെ പരിഗണിക്കരുതെന്നായിരുന്നു മെയ് 22ന് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നതോടെ സര്‍വകലാശാല ബുധനാഴ്ച സര്‍ക്കുലര്‍ പിന്‍വലിച്ചു.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പൗരത്വഭേദഗതി നിയമഭേദഗതിക്കെതിരെയും ഫീസ് വര്‍ധനയ്‌ക്കെതിരെയും സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി സമരം നടത്തിയിരുന്നു. രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരണവും നടത്തി. ഈ സമരങ്ങളില്‍ പങ്കെടുത്തവരോടുള്ള പകപോക്കല്‍ നടപടിയാണ് സ്‌കോളര്‍ഷിപ്പ് വിലക്കുന്നതിനുള്ള നീക്കമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
ഭരണഘടനാ വിരുദ്ധമായ നടപടിയാണ് സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റ് പരിചയ് യാദവ് പറയുന്നു. ഇനിയും ഈ നിലയിലുള്ള നീക്കമുണ്ടായാല്‍ വലിയ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പരിചയ് മാതൃഭൂമിയോട് പറഞ്ഞു.
മെറിറ്റ്, മെറിറ്റ് കം കമ്യൂണിറ്റി എന്നിങ്ങനെ രണ്ട് സ്‌കോളര്‍ഷിപ്പുകളാണ് പി.ജി.വിദ്യാര്‍ഥികള്‍ക്ക് പോണ്ടിച്ചേരി സര്‍വകലാശാല നല്‍കുന്നത്. ഒരു വകുപ്പില്‍ മൂന്ന് വീതം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ സര്‍വകലാശാല നടത്തുന്ന പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മെറിറ്റ് കം കമ്യൂണിറ്റ് സ്‌കോളര്‍ഷിപ്പില്‍ പിന്നാക്ക അവസ്ഥയും മാര്‍ക്കും പരിഗണിക്കും. 70 ശതമാനത്തില്‍ കുറയാതെ ഹാജര്‍ വേണമെന്ന നിബന്ധനയുമുണ്ട്. എന്നാല്‍ സമരത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തരുതെന്ന നിബന്ധന കൂടി ഇത്തവണ മുന്നോട്ട് വെയ്ക്കുകയായിരുന്നു.
content highlights: pondicherry university withdraws controversial circular on scholarship