രാജ്യത്ത് രോഗമുക്തി നിരക്ക് 42.4 ശതമാനം; 64,426 പേര്‍ സുഖംപ്രാപിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് 1,51,767 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതില്‍ 64,426 പേര്‍ സുഖം പ്രാപിച്ചുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രോഗമുക്തി നിരക്ക് 42.4 ശതമാനമായെന്നും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മരണനിരക്ക് 2.86 ശതമാനമാണ്. ലോക ശരാശരി 6.36 ശതമാനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
കോവിഡ് കൈകാര്യം ചെയ്യാന്‍ ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ലോക്ക്ഡൗണ്‍ കാലയളവ് വിനിയോഗിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 930 കോവിഡ് ആശുപത്രികളിലായി 1,58,747 ഐസൊലേഷന്‍ കിടക്കകളും 20,355 ഐസിയു കിടക്കകളും 69,076 ഓക്‌സിജന്‍ പിന്തുണയുള്ള കിടക്കകളും ലഭ്യമാണ്.
2,362 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളിലായി 1,32,593 ഐസൊലേഷന്‍ കിടക്കകളും 10,903 ഐസിയു കിടക്കകളും 45,562 ഓക്‌സിജന്‍ പിന്തുണയുള്ള കിടക്കകളും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ കേന്ദ്ര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 113.58 ലക്ഷം എന്‍ 95 മാസ്‌കുകളും 89.84 ലക്ഷം വ്യക്തിസുരക്ഷ ഉപകരണങ്ങളും കേന്ദ്രം നല്‍കിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കോവിഡ് പരീക്ഷണത്തിനായി 435 സര്‍ക്കാര്‍ ലബോറട്ടറികളും 189 സ്വകാര്യ ലാബുകളും അടക്കം മൊത്തം 624 ലാബുകള്‍ സജ്ജമാണ്. ഇതുവരെ 32,42,160 സാമ്പിളുകള്‍ പരീക്ഷിച്ചതായും 24 മണിക്കൂറിനുള്ളില്‍ 1,16,041 സാമ്പിളുകള്‍ പരീക്ഷിച്ചതായും മന്ത്രാലയം അറിയിച്ചു.
Content Highlights: India’s Covid-19 recovery rate pegged at 42%, over 64k cured of coronavirus: Health Ministry