മഹാരാഷ്ട്രയില്‍നിന്ന് ബംഗാളിലേക്ക് കോവിഡ് പരത്തുന്നു - റെയില്‍വേക്കെതിരെ വിമര്‍ശവുമായി മമത

എല്ലാ കാര്യത്തിലും രാഷ്ട്രീയക്കളിയാണ്. കൊറോണയും ചുഴലിക്കാറ്റും രാഷ്ട്രീയക്കളികളും ഒരേസമയം നേരിടേണ്ടിവരുന്ന സ്ഥിതിയാണ്. പ്രത്യേക തീവണ്ടികളുടെ ചിലവ് വഹിക്കുന്നത് സംസ്ഥാനങ്ങള്‍ ആണെങ്കിലും അവയില്‍ സാമൂഹ്യ അകലം റെയില്‍വെ ഉറപ്പാക്കുന്നില്ല.

https://www.mathrubhumi.com/polopoly_fs/1.568895.1536678969!/image/image.jpg_gen/derivatives/landscape_894_577/image.jpg

കൊല്‍ക്കത്ത: കേരളത്തിന് പിന്നാലെ റെയില്‍വേക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ മുന്‍കൂട്ടി വിവരങ്ങള്‍ അറിയിക്കാതെ പ്രത്യേക തീവണ്ടികള്‍ ബംഗാളിലേക്ക് അയയ്ക്കുന്നതില്‍ രോഷം പ്രകടിപ്പിച്ചാണ് മമത രംഗത്തെത്തിയത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. റെയില്‍വെ മഹാരാഷ്ട്രയില്‍നിന്ന് പശ്ചിമ ബംഗാളിലേക്ക് കൊറോണ വൈറസ് വ്യാപിപ്പിക്കുകയാണ്. രണ്ട് സംസ്ഥാനങ്ങളുടെയും കാര്യത്തില്‍ രാഷ്ട്രീയക്കളിയാണ് നടക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 225 തീവണ്ടികള്‍ പശ്ചിമ ബംഗാളിലേക്ക് വരാനിരിക്കെയാണ് മമതയുടെ വിമര്‍ശം. 41 തീവണ്ടികള്‍ എത്തുന്നത് കൊറോണ വൈറസ് ബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍നിന്നാണ്.

റെയില്‍വെ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മമത പറഞ്ഞു. 'രണ്ടു ലക്ഷം കുടിയേറ്റ തൊഴിലാളികളെ എങ്ങനെ പരിശോധനയ്ക്ക് വിധേയരാക്കും. കേന്ദ്രം സഹായിക്കുമോ? എല്ലാ കാര്യത്തിലും രാഷ്ട്രീയക്കളിയാണ്. കൊറോണയും ചുഴലിക്കാറ്റും രാഷ്ട്രീയക്കളികളും ഒരേസമയം നേരിടേണ്ടിവരുന്ന സ്ഥിതിയാണ്. പ്രത്യേക തീവണ്ടികളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാനങ്ങള്‍ ആണെങ്കിലും അവയില്‍ സാമൂഹ്യ അകലം റെയില്‍വെ ഉറപ്പാക്കുന്നില്ല. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെടണം', മമത അഭ്യര്‍ഥിച്ചു.

യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കാതെ തീവണ്ടികള്‍ അയയ്ക്കുന്ന റെയില്‍വെയുടെ നടപടി സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിമര്‍ശം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് റെയില്‍വെ നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് മമതയുടെയും സമാനമായ വിമര്‍ശം. 

Content Highlights: Railways spreading coronavirus from Maharashtra to West Bengal - Mamata