കോവിഡ് ബാധിച്ച് യജമാനന്‍ മരിച്ചു; ആശുപത്രിക്ക് മുന്നില്‍ നായ കാത്തിരുന്നത് മൂന്ന് മാസം
ലോകം കോവിഡ് എന്ന മഹാമാരിയുടെ പിടിയില്‍ വിറക്കുമ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ ഏറെയാണ്. കോവിഡ് ബാധിച്ച തന്റെ യജമാനന്റെ വിയോഗത്തെക്കുറിച്ച് അറിയാതെ വുഹാനിലെ ആശുപത്രിക്ക് മുന്നില്‍ ഒരു നായ കാത്തിരുന്നത് മൂന്ന് മാസമാണ്.
യാത്രപോയ യജമാനനെ നോക്കി റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരിക്കുന്ന നായയെപ്പറ്റിയുള്ള വാര്‍ത്തകളൊക്കെ മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും കോവിഡ്ബാധിച്ച് മരിച്ചുപോയ യജമാനനെ കാത്തിരിക്കുന്ന നായ വേദനയാകുകയാണ്. ഏഴ് വയസുള്ള സിയാ ബാ എന്ന നായയെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.
വുഹാനിലെ ഹുബെ പ്രവിശ്യയിലുള്ള തായ്കാംഗ് ആശുപത്രിയിലാണ് സംഭവം. ഫെബ്രുവരിയിലാണ് നായയുടെ ഉടമസ്ഥന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം രോഗം മൂര്‍ച്ഛിച്ച് ഇയാള്‍ മരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെ ആശുപത്രിക്ക് പുറത്ത് യജമാനനെ കാത്തിരിക്കുകയാണ് സിയാ ബാ.
നായയെ സ്ഥിരമായി ആശുപത്രിക്ക് മുന്നില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അതിനെ പരിപാലിച്ചുവരുകയായിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
'ഏപ്രില്‍ മധ്യത്തോടെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചപ്പോഴാണ് ജോലിക്കായി എത്തിയത്. അപ്പോഴാണ് നായക്കുട്ടി ശ്രദ്ധയില്‍പ്പെട്ടത്. ഞാന്‍ അവനെ സിയോ ബാ എന്ന് ഞാന്‍ അവന് പേര് നല്‍കി', ആശുപത്രിക്ക് സമീപമുള്ള കടയുടമ പറയുന്നു.
നായ ആശുപത്രി പരിസരം വിട്ടുപോകാന്‍ തയാറല്ലായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് പോയാലും മടങ്ങി എത്തുകയായിരുന്നു പതിവ്. തുടര്‍ന്ന് ആശുപത്രിയില്‍ വരുന്ന രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
Content Highlights: unaware of owner's death dog waiting for him infront of hospital