ക്വാറന്‍റൈന്‍ വിവാദം : വീക്ഷണം കെട്ടിടത്തില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ.ഇ
by Jaihind News Bureauഅബുദാബി : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു എ ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്‍റൈന്‍ സെന്‍ററില്‍, ഏതെങ്കിലും രീതിയിലുള്ള ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ദിര ഗാന്ധി വീക്ഷണം ഫോറം നേതൃത്വം വ്യക്തമാക്കി. വേണ്ടി വന്നാല്‍ അവിടെ ക്വാറന്‍റൈന്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണവും ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനായി, ട്രസ്റ്റ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ വി മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി മൂസ ടി എടപ്പനാട്, ട്രഷറര്‍ സുഭാഷ് ചന്ദ്രബോസ് എന്നിവരുമായി ആലോചിച്ച് ഇന്ദിര ഗാന്ധി വീക്ഷണം ഫോറം യുഎഇ കേന്ദ്ര കമ്മിറ്റി ക്രമീകരണങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇപ്പോള്‍ നാട്ടിലേക്ക് പോകാന്‍ അവസരം കിട്ടുന്നത് തൊഴില്‍ നഷ്ടപെട്ടവര്‍ക്കും, വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങി പോയവര്‍ക്കും, അസുഖം ബാധിച്ചവര്‍ക്കും, ഗര്‍ഭിണികള്‍ക്കുമാണ്. എന്നിട്ടും സര്‍ക്കാര്‍ ഈ നിഷേധ നിലപാട് പ്രഖ്യാപിക്കാന്‍ പാടില്ലാത്തതായിരുന്നു.
ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു എ ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിര ഗാന്ധി സോഷ്യല്‍, റിസര്‍ച്ച് , വെല്‍ഫയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്‍റെ 18 എക്‌സിക്യൂട്ടീവ് മുറികള്‍, യു എ ഇ യില്‍ നിന്നും വരുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍, നേരത്തെ സര്‍ക്കാരിന് സൗജന്യമായി വിട്ടു കൊടുത്തിരുന്നു. പ്രവാസികളോട് ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ക്രൂരതയാണ് ഈ ക്വാറന്‍റൈന്‍ വിവാദമെന്ന്, പ്രസിഡന്‍റ് എന്‍ എ ഹസ്സന്‍, ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ ചാവക്കാട് , ട്രഷറര്‍ രമേശ് മാരാത്ത് എന്നിവര്‍ ആരോപിച്ചു.