https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/18/rain-image-popy.jpg

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

by

തിരുവനന്തപുരം ∙ തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 31നും മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി 29 നും രണ്ട് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മൽസ്യ ബന്ധനം പൂർണമായി നിരോധിച്ചു.

നിലവിൽ ആഴക്കടൽ, ദീർഘദൂര മൽസ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്. ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ക്യാംപുകൾ കണ്ടത്തി കോവിഡ് മാർഗരേഖയുടെ അടിസ്ഥാനത്തിൽ തയാറാക്കാനും നിർദേശം നൽകി. ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാംപുകൾ സജ്ജീകരിക്കാനുള്ള നിർദേശം നൽകി. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനും സാധ്യതയുണ്ട്. അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

English summary: Twin cyclone to form in Arabian Sea