https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/22/Donald-Trump.jpg

ഇന്ത്യ – ചൈന അതിർത്തി പ്രശ്നത്തിൽ മധ്യസ്ഥതയ്ക്കു തയാർ: ഡ‍ോണള്‍ഡ് ട്രംപ്

by

വാഷിങ്ടൻ∙ ഇന്ത്യ – ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥതയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം ഇന്ത്യയെയും ചൈനയെയും അറിയിച്ചുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം, ട്രംപിന്റെ വാക്കുകൾക്ക് ഇന്ത്യ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല. നേരത്തെയും ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നങ്ങളിൽ ഇടപെടാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് ഇന്ത്യ മറുപടി പറഞ്ഞിരുന്നു.

ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ഈമാസം ആദ്യം സൈനികർ തമ്മിൽ മുഖാമുഖമെത്തി സംഘർഷമുണ്ടായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികർ തടസ്സപ്പെടുത്തിയതാണ് പ്രശ്നത്തിനു കാരണമായത്. മേയ് 9നും സമാനമായ പ്രശ്നമുണ്ടായിരുന്നു. ടിബറ്റിനു സമീപമുള്ള നാക്കു ലാ മേഖലയിൽ സൈനികർ തമ്മിൽ കല്ലേറുണ്ടായി. മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികരെ തിരിച്ചോടിക്കാനായിരുന്നു ചൈനീസ് നീക്കം. ഒട്ടേറെ സൈനികർക്ക് പരുക്കേറ്റിരുന്നു.

ഇതിനു പിന്നാലെ അതിർത്തിയിൽ സേനാവിന്യാസം അടക്കമുള്ളവ നടക്കുകയാണ്. യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊർജിതമാക്കാനും സേനയ്ക്കു ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് നിർദേശിച്ചിരുന്നു. സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദേശം നൽകിയിട്ടുണ്ട്.

English Summary: Donald Trump offers to mediate ‘raging’ India-China border dispute