സംസ്ഥാനത്ത് ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന നാളെ മുതല്‍ , ബാറില്‍ ഇരുന്ന് കുടിക്കാന്‍ പറ്റില്ല : ടി.പി രാമകൃഷ്ണന്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398881/tp.jpg

തിരുവനന്തപുരം : സംസ്ഥാനത്ത് ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന നാളെ മുതല്‍ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.വൈകുന്നേരം മുതല്‍ ആപ്പ് ലഭ്യമായി തുടങ്ങി. ടോക്കണ്‍ ഇല്ലാത്തവര്‍ മദ്യം വാങ്ങാന്‍ എത്തരുതെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

കാലത്ത് ആറ് മുതല്‍ രാത്രി പത്ത് വരെ ആപ്പിലൂടെ ടോക്കന്‍ എടുക്കാം. എന്നാല്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും മദ്യ വിതരണമെന്നും മന്ത്രി പറഞ്ഞു. ക്യൂവില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമായിരിക്കും. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും അനുസരിക്കണം. ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ കൈകഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തും. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 301 കണ്‍സ്യൂമര്‍ഫെഡ് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ മദ്യം ലഭിക്കും. 612 ബാര്‍ ഹോട്ടലുകളാണുള്ളത്. ഇതില്‍ 576 ബാര്‍ ഹോട്ടലുകളാണ് സര്‍ക്കാരിന്റെ പുതിയ സംവിധാനത്തിലൂടെ മദ്യം നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ഇതിലൂടേയും മദ്യം വാങ്ങാം. ഇവിടെ പ്രത്യേക കൗണ്ടറുകളുണ്ടാവും. എന്നാല്‍ ഇരുന്ന് കഴിക്കാനുള്ള സംവിധാനമുണ്ടാവുകയില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ 360 ബിയറും വൈനും വില്‍ക്കുന്ന കേന്ദ്രങ്ങളുണ്ട്. ഇതില്‍ 291 പേര്‍ സര്‍ക്കാരിന്റെ നയപ്രകാരം വില്‍പ്പന നടത്താന്‍ സന്നദ്ധരായിയിട്ടുണ്ട്. ഇവിടെ ബിയറും വൈനും മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും മന്ത്രി അറിയിച്ചു. കണ്ടൈന്‍മെന്റ് സോണിലും റെഡ് സോണിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഒരു കണ്‍സ്യൂമര്‍ 50 പൈസ വീതം ബീവറേജ് കോര്‍പ്പറേഷന് നല്‍കണം. എസ്.എം.എസിന്റെ തുകയായ 15 പൈസയും ഈടാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് ലക്ഷത്തി എണ്‍പത്തിനാലായിരിത്തി ഇരുന്നൂറ്റി മൂന്ന് രൂപയാണ് ആപ്പുമായി ബന്ധപ്പെട്ട് ഫെയര്‍കോഡിന് സര്‍ക്കാര്‍ നല്‍കേണ്ടത്. 29 പ്രൊപ്പോസലുകളില്‍ നിന്ന് അഞ്ച് കിമ്പനിയെ വിദഗ്ധര്‍ തിരഞ്ഞെടുത്ത് അതില്‍ ഏറ്റവും ചെലവ് കുറച്ചു മുന്നോട്ട് വന്ന ഫെയര്‍കോഡിന് അനുമതി നല്‍കുകയാണെന്നും അദ്ദേഹം മന്ത്രി പറഞ്ഞു.