ഫ്‌ളൈഓവറിന് സവര്‍ക്കറുടെ പേരിടാന്‍ കര്‍ണാടക; എതിര്‍പ്പുമായി കോണ്‍ഗ്രസും ജെഡിഎസും

https://www.mathrubhumi.com/polopoly_fs/1.4448198.1590588213!/image/image.jpg_gen/derivatives/landscape_894_577/image.jpg
Savarkar statue in Mumbai, Photo: PTI

ബെംഗളൂരു: കര്‍ണാടകയിലെ പുതിയ ഫ്‌ളൈഓവറിന് വി.ഡി. സവര്‍ക്കറുടെ പേരിടാനുള്ള തീരുമാനത്തെ എതിര്‍ത്ത് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസും ജനതാദളും രംഗത്തെത്തി. സവര്‍ക്കറുടെ 137-ാം ജന്മവാര്‍ഷിക ദിനമായ വ്യാഴാഴ്ചയാണ് ബെംഗളൂരു യെല്‍ഹങ്കയില്‍ പുതുതായി നിര്‍മ്മിച്ച ഫ്‌ളൈഓവര്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യുന്നത്.

ഫ്‌ളൈഓവറിന് സവര്‍ക്കറുടെ പേരിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ചോദ്യംചെയ്തു. ഇത് സംസ്ഥാനത്തെ സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഈ തീരുമാനം ഉപേക്ഷിക്കുകയും സംസ്ഥാനത്തു നിന്നുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ പേര്‍ നല്‍കുകയും വേണമെന്നും സിദ്ധരാമയ്യ  ആവശ്യപ്പെട്ടു.    

മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയും ഫ്‌ളൈഓവറിന് സവര്‍ക്കറുടെ പേര് നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തു. സംസ്ഥാനത്ത് നിന്ന് നിരവധി സ്വാതന്ത്ര്യസമര സേനാനികളുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന നല്‍കിയ നിരവധി പേരുണ്ട്. അവരില്‍ ആരുടെയെങ്കിലും ബഹുമാനാര്‍ത്ഥം ഫ്‌ളൈഓവറിന് പേര് നല്‍കാമായിരുന്നു, കുമാരസ്വാമി പറഞ്ഞു. 

എന്നാല്‍, വളരെ കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് സംസ്ഥാനം ഈ തീരുമാനമെടുത്തതെന്ന് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു. നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരെയും കോണ്‍ഗ്രസ് ഒരിക്കലും ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രതിഭാശാലിയാണ് സവര്‍ക്കറെന്നും രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്ത അത്തരമൊരു മഹാത്മാവിനോടുള്ള ബഹുമാനത്തിന്റെ അടയാളമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Karnataka to name new flyover after Savarkar, opposition parties rage