ഇന്ത്യ വിമർശനം,പാവങ്ങൾക്ക് സഹായം; അഫ്രീദി രാഷ്ട്രീയത്തിലേക്കോ? മനസ്സു തുറന്ന് താരം
by മനോരമ ലേഖകൻഇസ്ലാമബാദ്∙ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്ന കാര്യത്തിൽ ഇത്രയും നാൾ മൗനം പാലിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി ചെയ്തിട്ടുള്ളത്. ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതു മുതൽ പല തവണ ഇന്ത്യയെയും അവിടത്തെ രാഷ്ട്രീയ നേതാക്കളെയും ഉന്നമിട്ട് അഫ്രീദി വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പാക്ക് അധിനിവേശ കശ്മീർ സന്ദർശനത്തിനിടെ അഫ്രീദി നടത്തിയ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കശ്മീരിനോടുള്ള ഇന്ത്യയുടെ സമീപനത്തെയുമാണ് അഫ്രീദി പിഒകെയിൽ വിമർശിച്ചത്.
അഫ്രീദിയുടെ വിഡിയോ വൈറലായതോടെ താരത്തിനു മറുപടിയുമായി ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹർഭജൻ സിങ്, സുരേഷ് റെയ്ന എന്നീ താരങ്ങളും രംഗത്തെത്തി. സ്വന്തം ഫൗണ്ടേഷൻ ആരംഭിച്ച് കോവിഡ് കാലത്തും പാക്കിസ്ഥാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് അഫ്രീദി. അഫ്രീദി ഉടൻ പാക്കിസ്ഥാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ ഏറെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരം രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വിജയം ഉറപ്പാണെന്നു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
എന്നാൽ രാഷ്ട്രീയ പ്രവേശനത്തിനുണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് അഫ്രീദി തന്നെ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. രാഷ്ട്രീയത്തിൽ ഇടപെടാൻ ആലോചനകളൊന്നും ഇല്ലെന്ന് അഫ്രീദി പ്രതികരിച്ചു. നിരവധി രാഷ്ട്രീയ കക്ഷികളിൽനിന്ന് ഓഫറുകൾ ലഭിച്ചിരുന്നതായും അഫ്രീദി അവകാശപ്പെട്ടു. എനിക്കു രാഷ്ട്രീയത്തിൽ വരണമെങ്കിൽ അതു വളരെ മുൻപേ ആകാമായിരുന്നു. പല പാർട്ടികളും എനിക്ക് ഓഫറുകളുമായി വന്നതാണ്. പാവപ്പെട്ടവരെ സഹായിക്കുക ലക്ഷ്യമിട്ടാണു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.
ജനങ്ങളെ സഹായിക്കുന്നതിലൂടെ ഇപ്പോൾ തന്നെ രാഷ്ട്രീയക്കാരുടെ ജോലിയാണു ചെയ്യുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളും ജനങ്ങളും എന്നെ പിന്തുണയ്ക്കുന്നു. എന്നാൽ എനിക്കു രാഷ്ട്രീയ താല്‍പര്യങ്ങളൊന്നുമില്ല. ജനങ്ങളെ സഹായിക്കുക മാത്രമാണു ലക്ഷ്യം– അഫ്രീദി ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനു വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നാണു താരത്തിന്റെ നിലപാട്. ജനങ്ങൾ ഇമ്രാൻ ഖാനെ പിന്തുണയ്ക്കണം. പാക്കിസ്ഥാന്റെ പ്രതീക്ഷ അദ്ദേഹത്തിലാണ്. ദേശ സ്നേഹമുള്ള വ്യക്തിയാണ് ഇമ്രാൻ ഖാനെന്നും അഫ്രീദി വ്യക്തമാക്കി.
English Summary: Is Shahid Afridi set to join politics? Former Pakistan all-rounder breaks his silence