https://img.manoramanews.com/content/dam/mm/mnews/news/kerala/images/2020/5/27/kollam-police-investigation.jpg

വന്യജീവികളോട് അറപ്പും വെറുപ്പുമെന്ന് ആദ്യമൊഴി; കള്ളങ്ങൾ പൊളിഞ്ഞതിങ്ങനെ

by

പൊലീസിന്റെ ചോദ്യമുനകളേറ്റാണ് കള്ളങ്ങൾ കൊണ്ടു മെനഞ്ഞ സൂരജിന്റെ കോട്ട പൊളിഞ്ഞു വീണത്. മാ‍ർച്ച് രണ്ടിന് പാമ്പു കടിയേറ്റ ഉത്രയെ പുലർച്ചെ 3.30നാണ് അടൂർ താലൂക്കാശുപത്രിയിലെത്തിക്കുന്നത്. സൂരജിന്റെ അടൂർ പറക്കോട്ടുള്ള വീട്ടിൽ നിന്നു വെറും 15 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാവുന്ന സ്ഥലമാണിത്. രാത്രി 12.45ന് ഉത്രയ്ക്കു കടിയേറ്റെന്ന വിവരം അഞ്ചൽ പൊലീസിന് സൂരജ് നൽകിയ മൊഴിയിലുണ്ട്. ആശുപത്രിയിലെത്തിക്കാൻ എന്തു കൊണ്ട് മണിക്കൂറുകൾ വൈകി..?

ഈ ചോദ്യമാണ് കൊലപാതകത്തിൽ നിന്നു രക്ഷപ്പെടാനുള്ള സൂരജിന്റെ ശ്രമങ്ങൾക്ക് ആദ്യം തടയിട്ടത്. പിന്നീട് ഉത്രയുടെ സഹോദരനു കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു. ഇതും പൊളിഞ്ഞു.  സൂരജും ഉത്രയും കിടന്ന എയർ കണ്ടീഷൻ ചെയ്ത മുറിയുടെ ജനലിലൂടെ പാമ്പ് എത്തിയെന്നായിരുന്നു സൂരജിന്റെ മൊഴി. ഇതിനുള്ള സാധ്യത വിരളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാരണം ജനാലയ്ക്കു സമീത്തെ കട്ടിലിൽ സ‌ൂരജാണ് കിടന്നത്. ആദ്യം കടിയേൽക്കേണ്ടിയിരുന്നത് ഇയാൾക്കാണ്. ഉത്ര മരിച്ചതിനു ശേഷം അഞ്ചൽ പൊലീസ് സൂരജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഈ മൊഴികൾ കളവാണെന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചറിഞ്ഞു. തുടർന്ന് സൂരജ് സൈബർ നിരീക്ഷണത്തിലായി. ആറു മാസമായി സൂരജ് യു– ട്യൂബിൽ പാമ്പുകളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നെന്നും ഇവർ കണ്ടെത്തി. സുരേഷിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ രണ്ട് വിഷപാമ്പുകളെ സൂരജിന് കൈമാറിയതായി സമ്മതിച്ചു. ഇതോടെ തെളിവുകളായി.  സൂരജിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റം സമ്മതിക്കാൻ ആദ്യം തയാറായില്ല. വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരൻ സുരേഷിനെ എത്തിച്ചതോടെ മൊഴി മാറ്റി.