റൊട്ടി വേണ്ട പൂരി മതി; ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചു

https://www.mathrubhumi.com/polopoly_fs/1.3966053.1563421087!/image/image.jpg_gen/derivatives/landscape_894_577/image.jpg

പട്‌ന:  ഭക്ഷണത്തെച്ചൊല്ലി  ബിഹാറില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്ക്. നളന്ദയിലെ കത്രാഹിയിലെ ഒരു ക്വാറന്റീന്‍ കേന്ദ്രത്തിലാണ് ഭക്ഷണത്തെ ചൊല്ലി പോലീസും അന്തേവാസികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി

നളന്ദയിലെ ബിന്ദ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ വാഹനം ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ചില അന്തേവാസികള്‍ പോലീസ് റൈഫിളും വെടിയുണ്ടയും തട്ടിയെടുത്തുവെന്നും പിന്നീട് അവ കണ്ടെടുത്തുവെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ക്വാറന്റീന്‍ കേന്ദ്രത്തിലുള്ള ചില കുടിയേറ്റ തൊഴിലാളികള്‍ അവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് സംഘം അവിടെ എത്തിയതെന്ന് നളന്ദ പോലീസ് സൂപ്രണ്ട് നിലേഷ് കുമാര്‍ പറഞ്ഞു. സംഘം എത്തിയപ്പോള്‍ ആളുകള്‍ അവരെ മുളകൊണ്ടും കല്ലെറിഞ്ഞും ആക്രമിച്ചു. 121 പേരാണ് കേന്ദ്രത്തില്‍ താമസിക്കുന്നത്. ഇവര്‍ ഭക്ഷണമായി റൊട്ടിക്ക് പകരം പൂരി ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി ജനക്കൂട്ടത്തെ പിരിച്ചുവിട്ടതായി എസ്പി പറഞ്ഞു. പരിക്കേറ്റ പോലീസുകാരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Content Highlights: Four cops injured in clash with migrants at quarantine centre in Bihar’s Nalanda