നാളെ രാവിലെ 9 മുതൽ മദ്യവിൽപ്പന; വീടുകളിൽ മദ്യമെത്തിക്കില്ല: മന്ത്രി
by മനോരമ ലേഖകൻതിരുവനന്തപുരം∙ സംസ്ഥാനത്ത് മദ്യവിതരണം നാളെ രാവിലെ 9ന് ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. വെർച്വൽ ക്യൂ (ബെവ്ക്യൂ) ആപ്പിൽ ബുക്ക് ചെയ്ത് ഇ ടോക്കൺ ലഭിച്ചവർക്കേ മദ്യം നൽകൂ. രാവിലെ 6 മുതൽ രാത്രി പത്തുവരെ മദ്യം ബുക്ക് ചെയ്യാം. വിൽപ്പന രാവിലെ 9 മുതൽ 5വരെ. ടോക്കൺ ലഭിക്കാത്തവർ മദ്യശാലകളുടെ മുന്നിൽ വരരുതെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. 612 ബാർ ഹോട്ടലുകളിൽ 576 പേർ മദ്യം വിതരണം ചെയ്യാൻ അംഗീകാരം നേടി. ബാറിനകത്ത് ഇരുന്ന് കഴിക്കാൻ കഴിയില്ല. പ്രത്യേക കൗണ്ടറിൽനിന്ന് പാഴ്സൽ വാങ്ങാം. 360 ബിയർ വൈൻ ഷോപ്പുകളിൽ 291 പേർ വിൽപ്പന നടത്താൻ സന്നദ്ധരായി. ഇവിടെ വിദേശ മദ്യം വിൽക്കാൻ കഴിയില്ല. ക്ലബ്ബുകളിൽ നിയന്ത്രണങ്ങളോടെ മദ്യവിതരണത്തിന് അനുമതി കൊടുത്തു. ക്ലബുകളിൽനിന്നു പാർസൽ കൊടുക്കുന്നതിന് വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. തിങ്കളാഴ്ചയോടെ മാത്രമേ ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറങ്ങൂ. അംഗങ്ങൾക്കുമാത്രമേ ഇവിടെനിന്നു മദ്യം ലഭിക്കൂ.
അതേസമയം, കണ്ടെയ്ൻമെന്റ് സോണിലും റെഡ് സോണിലും മദ്യഷാപ്പുകൾ തുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ബുക്ക് ചെയ്ത സമയത്തിന് എത്താൻ കഴിഞ്ഞില്ലെങ്കിൽ മദ്യം ലഭിക്കില്ല. വീണ്ടും ബുക്ക് ചെയ്ത് എത്തേണ്ടി വരും.
കമ്പനിക്ക് 50 പൈസ കൊടുക്കുന്നു എന്ന പ്രചാരണം ശരിയല്ലെന്നു മന്ത്രി പറഞ്ഞു. ഓരോ ടോക്കണും 50 പൈസ ബവ്റിജസ് കോർപറേഷനാണു ലഭിക്കുന്നത്. എസ്എംഎസ് ചെലവ് ഫെയർകോഡ് കമ്പനിയാണ് അടയ്ക്കേണ്ടത്. ചെലവാകുന്ന തുക ബവ്റിജസ് കോർപ്പറേഷൻ നൽകും. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഫെയർകോഡ് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. കമ്പനി സിപിഎം സഹയാത്രികന്റേതാണോ എന്ന് അന്വേഷിച്ചിട്ടില്ല. കമ്പനിയെ തിരഞ്ഞെടുത്തത് പ്രത്യേക വിദഗ്ധ സംഘമാണ്. പ്രതിപക്ഷം പല ആരോപണങ്ങളും ഉന്നയിച്ചെങ്കിലും ഒന്നും ശരിയായില്ല. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്.
സ്റ്റാർട്അപ് മിഷനാണ് ആപ്പ് നിർമിക്കുന്ന കമ്പനിയെ തിരഞ്ഞെടുക്കാൻ ടെൻഡർ വിളിച്ചത്. 29 കമ്പനികൾ അപേക്ഷിച്ചു. 5 കമ്പനികൾ യോഗ്യരാണെന്നു വിദഗ്ധ സമിതി കണ്ടെത്തി. ഇതിൽനിന്ന് യോഗ്യരായവരെ കണ്ടെത്താൻ വീണ്ടും വിദഗ്ധ സമിതിയെ നിയോഗിച്ചു. ടെക്നിക്കൽ ബിഡിലും ഫിനാൻഷ്യൽ ബിഡിലും യോഗ്യത തെളിയിച്ച ഫെയർകോഡ് കമ്പനിയെയാണ് ആപ്പ് വികസിപ്പിക്കാൻ തിരഞ്ഞെടുത്ത്. ഈ കമ്പനിയാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. 2,84,203 രൂപയാണ് അവർ ക്വോട്ട് ചെയ്തത്.
അതേസമയം, വീടുകളിൽ ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ ബുക്കിങ്ങിലൂടെ ബവ്റിജസ് ഔട്‌ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മഹാമാരിയെ ലോകമാകെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിവിധ നടപടികൾ ലോകത്താകെ സ്വീകരിച്ചു. ഇന്ത്യയിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മദ്യക്കടകളും ബാർ ഹോട്ടലുകളും അടച്ചിടാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഇതു ഫലപ്രദമായി നടപ്പാക്കി.
പിന്നീട് ലോക്ഡൗൺ ഇളവ് നടപ്പാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കള്ളുഷാപ്പുകൾ മേയ് 13ന് തുറക്കാൻ തീരുമാനിച്ചു. ഇതിനു മുമ്പ് തന്നെ തെങ്ങൊരുക്കാൻ അനുവാദം നൽകി. 2500ലധികം കള്ളുഷാപ്പുകൾ തുറന്നു. ബവ്റിജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്‌ലറ്റിന്റെ തിരക്കു നിയന്ത്രിക്കാൻ നടപടികളാലോചിച്ചു. പല സ്ഥലങ്ങളിലും തിരക്കു നിയന്ത്രിക്കാനായി. എന്നാൽ പലയിടത്തും തിരക്ക് നിയന്ത്രിക്കാനായില്ല. മദ്യഷാപ്പുകൾ തുറക്കുമ്പോൾ ഉള്ള തിരക്ക് കുറയ്ക്കാനാണ് മൊബൈൽ ആപ് ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
English Summary: Liquor sale through BEVQ App from Thursday ownwards