വയനാട്ടിലേത് വെട്ടുകിളികളല്ല; കോവിഡ് കാല ആശങ്ക നീങ്ങി: വിശദീകരണം ഇങ്ങനെ
by കെഎം ബിജുകോവിഡിനേപ്പോലെ ഉത്തരേന്ത്യയിലെ കര്‍ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മറ്റൊരു വ്യാപനമുണ്ട്. വെട്ടുകിളികള്‍. രാജസ്ഥാന്‍ ഹരിയാന മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ വിളനാശം വരുത്തിയ ഇവ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കൃഷിയിടങ്ങളിലേക്കും കടന്നു.
അടുത്ത ദിവസമാണ് വയനാട് പുല്‍പ്പള്ളി വേലിയമ്പം എന്ന സ്ഥലത്ത് അലക്സ് എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ വന്‍തോതില്‍ പുല്‍ച്ചാടിക്കൂട്ടങ്ങള്‍ കാണപ്പെടുന്നത്. ഇതും വെട്ടുകിളികളാണോ എന്ന് പ്രദേശത്തെ കര്‍ഷകര്‍ക്ക് ആശങ്ക.എന്നാല്‍ വെട്ടുകിളി ആശങ്കയെ വെട്ടുകയാണ് ഇന്‍റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഒാഫ് നാച്വറിലെ പുല്‍ച്ചാടി സ്പെഷ്യലിസ്റ്റ് ധനീഷ് ഭാസ്കര്‍.
പുല്‍പ്പള്ളി സന്ദര്‍ശിച്ച് പഠനം നടത്തിയ ശേഷം ധനീഷ് ഭാസ്കറിന്റെ വിശദീകരണം ഇങ്ങനെ:
വെട്ടുകിളികൾ ACRIDIDAE (ORTHOPTERA: CAELIFERA) എന്ന കുടുംബത്തില്‍പ്പെടുന്നവയാണ്. എന്നാല്‍ ഈ കുടുംബത്തില്‍പ്പെടുന്ന പുൽച്ചാടികൾ എല്ലാം വെട്ടുകിളികളും അല്ല. പുൽച്ചാടികളും വെട്ടുകിളികളും തമ്മിൽ ഉള്ള വ്യത്യാസം പ്രധാനമായും രണ്ടു കാര്യങ്ങളിലാണ്.
1) അനുകൂല സാഹചര്യങ്ങളിൽ മണ്ണിനടിയിലെ മുട്ടകൾ കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്ന പുൽച്ചാടിക്കൂട്ടങ്ങൾ (Hopper Bands) എല്ലാ ചെടികളുടെ ഇലകളും ഭക്ഷണമാക്കാറുണ്ട് .രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇവ ചിറകുള്ള വലിയ പുൽച്ചാടിക്കുട്ടങ്ങൾ ആവുകയും ഇതേ ഭക്ഷണരീതിയോടുകൂടെ തന്നെ ഒരുമിച്ചു ഒരേ ദിശയിലേക്കു ദേശാടനം നടത്തുകയും ചെയ്യും.
2) ഒറ്റക്കുള്ള ചെറിയ കൂട്ടങ്ങളായി കാണുന്ന ഇവ അനുകൂലസാഹചര്യങ്ങളിൽ മുട്ടകൾ ഒരുമിച്ചു വിരിഞ്ഞിറങ്ങുമ്പോൾ വലിയ കൂട്ടങ്ങളാവും.
നിറം, പെരുമാറ്റം, രൂപാന്തരീകരണം , അന്തര്ഗ്രന്ഥി സ്രാവം , ജീവിത ചരിത്ര സവിശേഷതകൾഎന്നിവയിൽ സാരമായ മാറ്റങ്ങൾ സംഭവിക്കും.
ഇത്തരം പരിവർത്തനത്തിനു വിധേയമാകുന്ന പുൽച്ചാടികൾ കൂടുതൽ അപകടകാരികളായി മാറാറുണ്ട്. വടക്കു - പടിഞ്ഞാറൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഇപ്പോൾ കണ്ടുവരുന്നതുപോലെ ഉള്ളവ. ഡെസേര്‍ട്ട് ലോക്കസ്റ്റ് എന്നാണ് ഇത്തരം വെട്ടുകിളികളുടെ പേര്.
എന്നാല്‍ ഇത്തരം വെട്ടുക്കിളി സ്വഭാവ സവിശേഷത കാണിക്കുന്ന പുൽച്ചാടികൾ വളരെ കുറച്ചെണ്ണമേ ഉള്ളു. വെട്ടുകിളി ഗണത്തില്‍പ്പെടുന്നവയല്ല പുല്‍പ്പള്ളിയിലെ പുല്‍ച്ചാടികള്‍. എന്നാല്‍ വെട്ടുകിളികളായി തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പുല്‍പ്പള്ളിയില്‍ കണ്ടുവരുന്നത് Aularches miliaris (Spotted coffee Grasshopper) ന്റെ കുട്ടികൂട്ടം ആണ്. ഇവയെ സാധാരണ വിളിച്ചുവരുന്നത് കോഫീ ലോക്കസ്റ്റ് എന്നാണ്. മുകളിൽ പറഞ്ഞ രണ്ടു പരിവർത്തനങ്ങളും ഒരു ജീവിതാവസ്ഥയിലും ഇവയിൽ നടക്കുന്നതായി പഠനം ഇല്ല. 1939 ൽ തിരുവീതാംകൂർ ഭാഗത്ത് ഇവയെ വലിയ കൂട്ടമായി കണ്ടതായി റിപ്പോർട്ട് ഉണ്ട്. പിന്നീട് ഇതുവരെ അത്ര വലിയ കൂട്ടങ്ങളായി ഇവയെ കണ്ടിട്ടില്ല. കൂട്ടമായുള്ള ദേശാടന സ്വഭാവവും ഇവയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ലോകത്ത് 28000 നു മുകളിൽ പുൽച്ചാടികൾ ഉള്ളതിൽ വെറും 500 എണ്ണം മാത്രമാണ് കീടം എന്ന വിഭാഗത്തിൽ പെടുന്നുള്ളു അതിൽത്തന്നെ ഏറ്റവും അപകടകാരികൾ എന്ന വിഭാഗത്തിൽ വരുന്നത് വെറും 50 എണ്ണം മാത്രമാണ്. ഈ പട്ടികയിൽ ഒന്നും Aularches miliaris വരുന്നില്ല. കാപ്പിയുടെയും വാഴയുടെയും ഇലകൾ ഒരു മാസത്തിനിപ്പുറം പൂർവ്വസ്ഥിതിയിൽ ആയിട്ടുമുണ്ട്. കീടനാശിനി അടിക്കാന്‍ ആരെങ്കിലും ഉപേദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അത് മിത്രകീടങ്ങളെ സാരമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.