സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു; കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രത്യേക ക്രമീകരണം

by

തിരുവനന്തപുരം: (www.kvartha.com 27.05.2020) ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രത്യേക ക്രമീകരണമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് നിര്‍വ്യാപന-പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും പൂര്‍ണമായി തുറക്കും. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിലെ മറ്റു സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഹാജരാകണം.

https://1.bp.blogspot.com/-RzGaZaOCyGY/Xs6LvMHwxbI/AAAAAAAB1M8/pRLKN0fupGMvEM854rQXvmL8IoEpGPJrwCLcBGAsYHQ/s1600/Pinarayi-Vijayan.jpg

വേറെ ജില്ലകളില്‍ അകപ്പെട്ടുപോയ ജീവനക്കാര്‍ക്ക് ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള ബസ് സൗകര്യം കലക്ടര്‍മാര്‍ ഒരുക്കും. മടങ്ങാന്‍ കഴിയാത്തവര്‍ അതത് കലക്ടര്‍മാര്‍ക്കു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്ത് ആ ജില്ലയില്‍ തന്നെ തുടരേണ്ടതാണ്. കോവിഡ് നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവരെ ഉപയോഗിക്കുകയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയോ ചെയ്യാം. ഇതിനുള്ള ക്രമീകരണം കലക്ടറേറ്റുകളില്‍ ഉണ്ടാകണം. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് കോവിഡ് രോഗബാധയുണ്ടായാല്‍ പിന്നാലെ കുടുംബത്തിലെ നിരവധിപ്പേര്‍ക്ക് അസുഖമുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചില സംഭവങ്ങളില്‍ കുടുംബാംഗത്തിനുണ്ടാകുന്ന രോഗബാധ അറിയാത്തതുകൊണ്ടാണ് പകരുന്നത്. അതേസമയം രോഗസാധ്യതയുള്ള ആളുകള്‍ വേണ്ട മുന്‍കരുതല്‍ എടുക്കാത്തതു കൊണ്ടുകൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്.

രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിച്ചേ തീരൂ. അതിന് കുടുംബവ്യാപനം എന്ന് പറയുന്നത് ശരിയല്ല. ഹോം ക്വാറന്റൈന്‍ എന്നത് നിര്‍ബന്ധമായും റൂം ക്വാറന്റൈന്‍ തന്നെയായി മാറണം. കുടുംബാംഗങ്ങള്‍ ഈ പ്രത്യേക സമയത്ത് അടുത്തിടപഴകാതെ ശ്രദ്ധിക്കുകയും ആവശ്യമായ സഹായങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുകയും ചെയ്താല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും.

വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ട്. ആലപ്പുഴയില്‍ മുംബൈയില്‍ നിന്നെത്തിയ യുവാവ് കോവിഡ് കെയര്‍ സെന്ററില്‍ ആയിരുന്നു. ഇയാള്‍ നിരവധി ഇടങ്ങളില്‍ സഞ്ചരിച്ചു എന്ന രീതിയില്‍ ഫോട്ടോയടക്കം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി. വീട്ടിലേക്ക് ഭീഷണി ഫോണ്‍കോളുകള്‍ എത്തുന്നു. കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നില്ല. സമീപവാസികള്‍ ഒറ്റപ്പെടുത്തുന്നു എന്ന പരാതിയും ഉയര്‍ന്നു. ഇത്തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ അനിവാര്യമാണ്. അത് തുടരുകയുമാണ്.

സന്നദ്ധപ്രവര്‍ത്തകരെ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കുന്ന പദ്ധതി വ്യാഴാഴ്ച നടപ്പില്‍വരും. ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുന്നതിനുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്, ജനമൈത്രി പൊലീസിനോടൊപ്പം കണ്ടെയ്ന്‍മെന്റ് മേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പൊലീസ് വളണ്ടിയര്‍മാരെ നിയോഗിക്കും. പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അധിക ജോലിഭാരംമൂലം ഇപ്പോള്‍ ഉള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ഈ നടപടികളിലൂടെ കഴിയും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാവാതിരിക്കാന്‍ വ്യത്യസ്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഫീല്‍ഡ് ജോലിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിപിഇ കിറ്റ് ലഭ്യമാക്കുന്നതിന് സ്‌പോണ്‍സര്‍മാരുടെ സേവനം തേടും.

മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവയ്ക്ക് മുന്നില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കും. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാല പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ ട്രയല്‍ റണ്‍ നടത്താന്‍ പാടില്ല. ഒരാള്‍ ശരീരത്തില്‍ ഇട്ടുനോക്കിയ വസ്ത്രം തന്നെ മറ്റൊരാളും പരീക്ഷിച്ചുനോക്കുന്നത് വൈറസ് പകരാന്‍ ഇടയാക്കും. ഇക്കാര്യത്തില്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഒരേസമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകള്‍ വസ്ത്രം വാങ്ങാനെത്തുന്നതും ഒഴിവാക്കണം.

മെയ് 31 സര്‍ക്കാര്‍ സര്‍വീസിലെ അനേകം ആളുകളുടെ റിട്ടയര്‍മെന്റ് ദിവസമാണ്. സാധാരണ സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ യാത്രയയപ്പ് പരിപാടികള്‍ ഉണ്ടാകാറുണ്ട്. ഇതേ സാഹചര്യം കഴിഞ്ഞ മാര്‍ച്ച് 31നും വന്നിരുന്നു. ആളുകള്‍ കൂടുന്ന പരിപാടിയും പാര്‍ട്ടികളും പാടില്ല. വൈകാരികമായ മുഹൂര്‍ത്തമാണെങ്കിലും നിലവിലുള്ള സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് യാത്രയയപ്പ് പരിപാടികള്‍ പരിമിതപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ തുടരുകയാണ്. പരീക്ഷകള്‍ അവസാനിക്കുന്ന ദിവസം ആഘോഷിക്കുന്ന പതിവ് വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അത്തരം ആഘോഷങ്ങള്‍ ഈ ഘട്ടത്തില്‍ പാടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷയ്ക്കുശേഷം വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകേണ്ടതാണ്.

ശ്രീ. ടോം ജോസ് വിരമിക്കുന്ന ഒഴിവില്‍ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വിശ്വാസ് മേത്തയെ നിയമിക്കും. ശ്രീ. ടോം ജോസ് സ്ത്യുത്യര്‍ഹമായ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Keywords: Pinarayi Vijayan on Lock Down, Thiruvananthapuram, News, Health, Health & Fitness, Chief Minister, Pinarayi vijayan, Lockdown, Kerala.