https://www.deshabhimani.com/images/news/large/2020/05/untitled-1-869826.jpg

നാളെ രാവിലെ ഒമ്പത്‌ മുതൽ മദ്യവിതരണം; "ബെവ്‌ ക്യൂ' ആപ്പ്‌ പ്ലേ സ്‌റ്റോറിൽ ലഭ്യമായിത്തുടങ്ങി, ടോക്കൺ ഇല്ലാത്തവർ എത്തരുത്‌

by

തിരുവനന്തപുരം > സംസ്ഥാനത്ത്‌ മദ്യ വിൽപ്പന ശാലകൾ നാളെ മുതൽ തുറക്കും. മദ്യം വാങ്ങുന്നതിന്‌ വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള ആപ്ലിക്കേഷൻ "ബെവ്‌ ക്യൂ' ഉടൻതന്നെ പ്ലേ സ്‌റ്റോറിൽ നിന്ന്‌ ലഭ്യമാകും. ആപ്പിന്‌ ഇന്നലെ ഗൂഗിളിൽനിന്ന്‌ അനുമതി ലഭിച്ചു. എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണനാണ്‌ ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌.

രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെ ബവ്കോ ഔട്‌ലെറ്റുകളിലൂടെയാണ്‌ മദ്യ വിതരണം. ബെവ്ക്യൂ എന്ന മൊബൈൽ ആപ്പ് വഴിയാണ് ബുക്കിങ്. ഒരു തവണ ബുക്ക് ചെയ്‌തു കഴിഞ്ഞാൽ നാല് ദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാൻ സാധിക്കൂ. രാവിലെ ആറ് മണി മുതൽ രാത്രി 10 വരെ ബുക്കിങ് ചെയ്യാം. ബുക്കിങ് അനുമതി കിട്ടാത്തവർ ഔട്‌ലറ്റിന് മുന്നിൽ വരാൻ പാടില്ലെന്നും മന്ത്രി അറിയിച്ചു. വീടുകളിൽ ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ ബുക്കിങ്ങിലൂടെ ബവ്റിജസ് ഔട്‌ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വെർച്വൽ ക്യൂ ആപ്പിനായി 29 കമ്പനികളിൽ നിന്ന്‌ 5 കമ്പനികളെയാണ്‌ തെരഞ്ഞെടുത്തത്‌. അതിൽനിന്ന്‌ ഏറ്റവും കുറഞ്ഞ തുക ക്വോട്ട്‌ ചെയ്‌ത ഫെയർകോഡ്‌ കമ്പനിക്കാണ്‌ നിർമാണത്തിനുള്ള അനുമതി നൽകിയത്‌. 301 ബിവറേജസ്‌ ഔട്ട്‌ലറ്റുകളാണ്‌ കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ 306 ഔട്ട്‌ലറ്റുകളാണ്‌ ഉണ്ടായിരുന്നത്‌. ഇതുവഴി നാളെ രാവിലെ ഒമ്പത്‌ മുതൽ അഞ്ചുവരെ മദ്യം ലഭ്യമാകും.

സംസ്ഥാനത്ത്‌ 576 ബാർ ഹോട്ടലുകൾക്കാണ്‌ മദ്യം വിൽക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്‌. എന്നാൽ ബാർ ഹോട്ടലുകളിൽ ഇരുന്ന്‌ മദ്യം കഴിക്കാനുള്ള അനുമതിയില്ല. പ്രത്യേക കൗണ്ടർ തയ്യാറാക്കി പാഴ്‌സലായി വിൽപ്പന നടത്താം. 291 ബിയർ ആൻഡ്‌ വൈൻ വിൽപ്പന ശാലകളിലും ഇത്തരത്തിൽ വിൽപ്പന നടത്താവുന്നതാണ്‌. ഒരു ഉപഭോക്താവിൽ നിന്ന്‌ 50 പൈസ വീതം ബന്ധപ്പെട്ട ഏജൻസി ബിവറേജസ്‌ കോർപ്പറേഷനിൽ അടയ്‌ക്കണം. ഈ പണം കമ്പനിക്കല്ല നൽകുന്നത്‌. ആ രീതിയിൽ വ്യാജ പ്രചരണങ്ങൾ പല മാധ്യമങ്ങളിലും പ്രചരിച്ചു. ഇത്‌ തെറ്റായ വിവരമാണ്‌. എസ്‌എംഎസ്‌ വഴി അയക്കാനുള്ള 15 പൈസ ഫെയർകോഡ്‌ കമ്പനിയാണ്‌ നൽകേണ്ടത്‌. അതിന്റെ ബില്ല്‌ ബിവറേജസ്‌ കോർപ്പറേഷന്‌ നൽകണം - മന്ത്രി പറഞ്ഞു.