https://www.deshabhimani.com/images/news/large/2020/05/untitled-1-869825.jpg

അനുഷ്‌കയെ ഉപേക്ഷിച്ച്‌ രാജ്യസ്‌നേഹം തെളിയിക്കണമെന്ന്‌ കോലിയോട്‌ ബിജെപി എംഎൽഎ

by

പാതാൾ ലോക് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്രിക്കറ്റ് താരം വിരാട് കോലിയോട് ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയെ വിവാഹമോചനം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നന്ദകിഷോർ ​ഗുജ്റാൾ.

അനുഷ്‌ക നിര്‍മിച്ച പാതാള്‍ ലോക് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആമസോണ്‍ പ്രൈമില്‍ റിലീസായത്. വെബ് സീരീസ് ശ്രദ്ധ നേടുമ്പോൾ നിർമാതാവും കൂടിയായ അനുഷ്‌കയ്ക്കെതിരേ പരാതിയുമായി ഗുജ്റാൾ രം​ഗത്ത് വന്നിരുന്നു. കോലി അനുഷ്‌കയെ വിവാഹമോചനം ചെയ്യണം. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ലോകത്തിന് ശക്തമായ സന്ദേശം കൊടുക്കണം. രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കണം. - ഇതായിരുന്നു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ​ഗുജ്റാൾ പറഞ്ഞത്. സംഭവം വിവാദമായതോടെ ​ഗുജ്റാളിനെതിരേയുള്ള പ്രതിഷേധം ശക്തമാവുകയാണ്.

പാതാൾ ലോക് മതസൗഹാർദ്ദത്തെ തകർക്കുന്നുവെന്ന് ​ഗുജ്റാൾ ആരോപിച്ചു. പാതാൾ ലോകിൽ വില്ലനായെത്തുന്ന അനൂപ് ജോൾട്ട അവതരിപ്പിക്കുന്ന ബാലകൃഷ്‌ണ ബാജ്പേയി എന്ന കഥാപാത്രം ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാർത്ത കാണിക്കുന്ന രം​ഗമുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ​ഗുജ്റാളുമുണ്ട്. യോ​ഗി ആദിത്യനാഥിനൊപ്പം ​ഗുജ്റാൾ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്‌താണ് വെസ് സീരീസിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്‌തതെന്ന് ​ഗുജ്റാൾ ആരോപിക്കുന്നു.

കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന പാതാൾ ലോകിന് പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്. ജയ്‌ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങള്‍ ചെയ്‌തിരിക്കുന്നത്.