കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ 145 മലയാളികള്‍ കൂടി ഇന്നു നാടണയുന്നു

by
https://www.mathrubhumi.com/polopoly_fs/1.4787657.1590580003!/image/image.jpg_gen/derivatives/landscape_894_577/image.jpg

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ 145 മലയാളികള്‍ കൂടി ഇന്ന് നാടണയുന്നു.  കുവൈത്തില്‍നിന്നു ഇന്നും കൊച്ചിയിലേക്കും പഞ്ചാബിലേക്കും വിമാനസര്‍വീസുകള്‍ ഉണ്ടായിരിക്കും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജെസ്സീറ എയര്‍വേസ് ടെര്‍മിനലാണ് പൊതുമാപ്പ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കൊറോണ പ്രാഥമിക തെര്‍മല്‍ പരിശോധന നടത്തി രോഗമില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കും. ചൊവ്വാഴ്ച്ച കൊച്ചി, കോഴിക്കോട്, പഞ്ചാബിലെ അമൃത്സറിലേക്കുമാണ് മൂന്നു വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച്ച രാവിലെ 9.30 നും ഉച്ചക്ക് 1.45 നുമാണ് കൊച്ചിയിലേക്കും അമൃത്സറിലേക്കുമുള്ള രണ്ടു വിമാനങ്ങള്‍ പുറപ്പെട്ടത്. വരും ദിവസങ്ങളിലും ഇന്ത്യയില്‍ ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും പൊതുമാപ്പ് ലഭിച്ചവരെയും കൊണ്ട് വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു പദ്ധതി തയ്യാറാക്കിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനകം പൊതുമാപ്പ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് 7 വിമാന സര്‍വീസുകളാണ് ഇന്നത്തേതുള്‍പ്പെടെ നടത്തിയത്. 
കുവൈത്ത് എയര്‍ വേസ്, ജെസ്സീറ എയര്‍ വെയ്സ് വിമാനങ്ങളിലാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ എല്ലാവരെയും അതാതു രാജ്യങ്ങളില്‍ എത്തിക്കുന്നത്. 

പൊതുമാപ്പ് ലഭിച്ചവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ താമസവും, ഭക്ഷണവും വിമാന ടിക്കറ്റും നല്‍കിയാണ് നാടു കടത്തുന്നത്. ക്യാമ്പുകളില്‍ ശേഷിക്കുന്നവരെയും ഉടന്‍ സ്വന്തം നാടുകളില്‍ എത്തിക്കും.