ആ ആപ് ഒറിജിനലല്ല; സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ടെസ്റ്റിങ്ങിനിടെ ചോർന്നത്
by മനോരമ ലേഖകൻകൊച്ചി∙ ബവ് ക്യൂ ആപ് എപികെ ഫയൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നു. മന്ത്രി മൂന്നരയ്ക്ക് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിക്കാനിരിക്കെയാണ് മണിക്കൂറുകൾക്കു മുമ്പ് ആപ്പിന്റെ ഫയൽ ചോർന്നിരിക്കുന്നത്. ഇത് ഒറിജിനൽ ഫയൽ അല്ലെന്നും ടെസ്റ്റിങ്ങിനിടെ ചോർന്ന ഫയലാണ് പ്രചരിക്കുന്നതെന്നും ഫെയർകോഡ് ടെക്നോളജീസ് ഡയറക്ടർ ബോർഡ് അംഗം നവീൻ ജോർജ് മനോരമ ഓൺലൈനോടു പറഞ്ഞു. ബീറ്റ വേർഷൻ ഉപയോഗിച്ച് എടുക്കുന്ന ടോക്കൺ അസാധുവാണെന്നും അദ്ദേഹം പറഞ്ഞു.
എപികെ ഫയൽ ഫോണിൽ ഇൻസ്റ്റാൾ ആകുന്നുണ്ടെങ്കിലും യൂസർക്ക് പേരു വിവരങ്ങൾ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല. പ്രതിദിന റജിസ്ട്രേഷൻ പരിധി പൂർത്തിയായെന്നാണ് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ കാണിക്കുന്നത്. ഒറിജിനൽ ഫയൽ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ റജിസ്ട്രേഷൻ ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കാനാകൂ എന്നാണ് കമ്പനി അധികൃതരും വിശദീകരിക്കുന്നത്. ഇന്നു വൈകിട്ട് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിനിടെ ആപ് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ് എങ്ങനെ ഉപയോഗിക്കണം എന്ന യൂസർ മാനുവലും കഴിഞ്ഞ ദിവസം കമ്പനിയിൽനിന്ന് ചോർന്നിരുന്നു. ഇത് ഫെയർകോഡ് ടെക്നോളജീസ് തയാറാക്കിയതാണെങ്കിലും ഔദ്യോഗികമായി പ്രകാശിപ്പിക്കുന്നതിനു മുമ്പു തന്നെ ചോരുകയായിരുന്നു. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ ആരാഞ്ഞപ്പോഴും കമ്പനി പുറത്തു വിട്ടിട്ടില്ല എന്നു മാത്രമായിരുന്നു വിശദീകരണം. ബവ് ക്യൂ ആപ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നപ്പോൾ മുതൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വെബ്സൈറ്റുകളും വാർത്തകളും വ്യാപകമായി പുറത്തു വരുന്നുണ്ട്. ബവ്കോ, ബവ് ക്യൂ തുടങ്ങി സമാനതകളുള്ള ഡൊമെയ്നുകൾ റജിസ്റ്റർ ചെയ്ത് പലരും വിൽക്കാനും വച്ചിട്ടുണ്ട്.
English Sunmmary: BEV Q App apk file leaked while testing