മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം തള്ളി രവിശങ്കര്‍ പ്രസാദ്

https://www.mathrubhumi.com/polopoly_fs/1.3504381.1558591218!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം തള്ളി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മഹാരാഷ്ട്രയില്‍ കോവിഡ് പടരുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നുപറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിലെ സഖ്യകക്ഷികള്‍ അവരുടെ ആഭ്യന്തര വിഷയങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളുമുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 'മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. മുംബൈ ലോകത്തിലെ തന്നെ ഒരു ചര്‍ച്ചാവിഷയമായി മാറി.' - അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്ര വികാസ് ആഖാഡിയുടെ ആരോപണത്തോടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തോടും പ്രതികരിക്കുയായിരുന്നു അദ്ദേഹം. രാഹുലിന്റെ പാര്‍ട്ടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു മാത്രമേയുള്ളൂ, പ്രധാന കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. 'കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലായിരിക്കില്ല. സംസ്ഥാനത്ത് സഖ്യത്തിനുള്ളില്‍ പ്രശ്നങ്ങളുണ്ടാകാം. -' പ്രസാദ് പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രപതിയുടെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു.

Content Highlights: BJP not trying to topple government in Maharashtra: Ravi Shankar Prasad