ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും കോവിഡ് ആരോപിച്ച് ഗര്‍ഭിണിയെ ചികിത്സിച്ചില്ല; അമ്മയും കുഞ്ഞും മരിച്ചു
ഹൈദരാബാദ്: കൊറോണ വൈറസ് ബാധ സംശയിച്ച് ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചതായി റിപ്പോര്‍ട്ട്. പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ആറ് ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ആരും ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നും തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ മാസത്തിലാണ് സഭവം നടന്നത്.
ജനീല (20) എന്ന യുവതിയാണ് ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും ഉത്തരവാദിത്വ രഹിതമായ സമീപനം മൂലം മരിച്ചത്. ജോഗുലാംബ ഗഡ്വാല്‍ ജില്ലയിലാണ് യുവതിയുടെ വീട്. ഇവരുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം കോവിഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തുനിന്ന് വന്നതിനാലാണ് ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാതിരുന്നത്.
ഏപ്രില്‍ 23ന് രജോലിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് സംശയത്തെ തുടര്‍ന്ന് ഗഡ്വാള്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് അയച്ചു. അവിടെനിന്ന് മഹബൂബ്‌നഗര്‍ ജില്ലാ ആശുപത്രിയിലേയ്ക്കും അവിടുന്ന് സര്‍ക്കാര്‍ മിലിട്ടറി ആശുപത്രിയിലേയ്ക്കും അയച്ചു. അവിടെനിന്ന് ഗാന്ധി ഹോസ്പിറ്റലിലേയ്ക്ക് അയച്ചു. ഇവിടെവെച്ച് കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. അവിടെനിന്ന് യുവതിയെ പെട്‌ലാബുര്‍ജ് ആശുപത്രിയിലേയ്ക്ക് പറഞ്ഞുവിട്ടു. ഇവിടെവെച്ച് ഏപ്രില്‍ 25ന് ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മംനല്‍കി.
പ്രസവിച്ച് അടുത്ത ദിവസം അമ്മയെയും കുഞ്ഞിനെയും നിലൗഫര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെവെച്ച് കുട്ടി മരിച്ചു. പിന്നീട് ജനീലയെ ഒസ്മാനിയ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെവെച്ച് അടുത്ത ദിവസം അവരും മരിച്ചു.
ഉത്തരവാദിത്വരഹിതമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായി തെലങ്കാന സ്‌പെഷല്‍ ചീഫ് സെക്രട്ടറി ശാന്തി കുമാരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
Content Highlights: Telangana Mother, Baby Die After Hospitals Refuse Care Over COVID-19 Fear