കറുത്തവര്‍ഗക്കാരനെ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്ന് പൊലീസുകാരന്‍: ഞെട്ടിപ്പിക്കുന്ന വിഡിയോ
by മനോരമ ലേഖകൻവാഷിങ്ടന് ∙ അമേരിക്കയില്‍ കൈവിലങ്ങിട്ടു നിലത്തുകിടത്തിയ കറുത്തവര്‍ഗക്കാരന്‍ പൊലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ ഞെരിഞ്ഞു മരിക്കുന്നതിന്റെ വിഡിയോ ദൃശ്യം വന്‍ പ്രതിഷേധത്തിനിടയാക്കുന്നു. മിനിയാപൊളിസില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടു നാല് പൊലീസുകാരെ പുറത്താക്കിയതായി മേയര്‍ ജേക്കബ് ഫ്രേ പറഞ്ഞു. തിങ്കളാഴ്ച മിനിയാപൊളിസിലെ തെരുവിലാണ് സംഭവം.
ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ നാലു പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നു ഷര്‍ട്ട് ഊരി നിലത്തു കമഴ്ത്തി കിടത്തിയ ശേഷം ഒരു പൊലീസുകാരന്‍ കാല്‍മുട്ടു കൊണ്ട് കഴുത്തില്‍ അമര്‍ത്തി. ‘നിങ്ങളുടെ കാല്‍മുട്ട് എന്റെ കഴുത്തിലാണ്. ശ്വസിക്കാന്‍ കഴിയുന്നില്ല, മമ്മാ... മമ്മാ’ എന്ന് ജോര്‍ജ് കരയുന്നതു വിഡിയോയില്‍ കേള്‍ക്കാം.
തെരുവിലൂടെ നടന്നു പോയവരാണ് ക്രൂരദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. അനങ്ങാന്‍ കഴിയാതെയാണ് ജോര്‍ജ് നിലത്തു കിടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എണീറ്റു കാറില്‍ കയറാന്‍ പൊലീസുകാര്‍ അയാളോടു പറയുന്നുണ്ടായിരുന്നു. ജോര്‍ജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി അറിയിക്കുകയായിരുന്നു.
സംഭവം വന്‍പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. വിഡിയോയില്‍ കണ്ടത് എല്ലാ തരത്തിലും തെറ്റായ കാര്യമാണെന്നു മേയര്‍ പറഞ്ഞു. അഞ്ചു മിനിറ്റോളമാണ് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ കറുത്തവര്‍ഗക്കാരന്റെ കഴുത്തില്‍ മുട്ട് അമർത്തിപ്പിടിച്ചത്. കറുത്ത വര്‍ഗക്കാരനാകുന്നത് അമേരിക്കയില്‍ മരണശിക്ഷയ്ക്ക് അർഹമായ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജരേഖക്കേസിലാണ് ജോര്‍ജിനെ പൊലീസ് പിടികൂടിയതെന്ന് അറ്റോര്‍ണി ബെന്‍ ക്രംപ് പറഞ്ഞു. 2014-ല്‍ അനധികൃതമായി സിഗരറ്റ് വിറ്റതിനു പിടിയിലായ എറിക് ഗാര്‍ണര്‍ എന്ന ന്യൂയോര്‍ക്ക് സ്വദേശിയെ പൊലീസ് കഴുത്തുഞെരിച്ചു കൊന്നിരുന്നു.
ജോര്‍ജിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം എഫ്ബിഐക്കു കൈമാറിയെന്ന് മിനിയാപൊളിസ് പൊലീസ് മേധാവ് മെഡാറിയ അരാഡോണ്‍ഡോ പറഞ്ഞു. പൊലീസുകാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.
അടുത്തിടെ രണ്ടു കറുത്ത വര്‍ഗക്കാരുടെ മരണത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 13-നു ലൂയിസ്‌വില്ലയില്‍ വെളുത്ത പൊലീസുകാര്‍ കറുത്ത വര്‍ഗക്കാരിയായ ബ്രയോണ ടെയ്‌ലറിന്റെ വീട്ടില്‍ കയറി അവരെ വെടിവച്ചിരുന്നു. മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടയായിരുന്നു സംഭവം. പ്രഭാതസവാരിക്കിടെ കറുത്ത വര്‍ഗക്കാരനായ യുവാവിനെ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ മകന്‍ വെടിവച്ചുകൊന്ന സംഭവം പൊലീസ് മറച്ചുവച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
English Summary: 'I Can't Breathe': African-American Dies After US Cop Kneels On His Neck