ഉസ്മ വെറുതെയിരിക്കുന്നില്ല; അമ്പലങ്ങളും തെരുവുകളും വൃത്തിയാക്കുകയാണ്‌ | ലോക്ക്ഡൗണിലെ വേറിട്ട കാഴ്ച്ച

തന്റെ സമ്പാദ്യത്തില്‍ നിന്ന് ഏകദേശം 95000 രൂപ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. അതിനായി ഇതിനെക്കാള്‍ മറ്റൊരു നല്ല മാര്‍ഗമില്ലെന്നുമാണ് താന്‍ കരുതുന്നതെന്നും പറയുകയാണ് ഉസ്മ.

https://www.mathrubhumi.com/polopoly_fs/1.4787579.1590574563!/image/image.jpg_gen/derivatives/landscape_894_577/image.jpg

കോവിഡിനെതിരായ പോരാട്ടത്തില്‍ മതത്തിനും ജാതിക്കും ലിംഗഭേദത്തിനുമപ്പുറം പോരാട്ടത്തിന്റെ ഭാഗമാവുകയാണ് ഉസ്മ സയിദ് പര്‍വീന്‍ എന്ന യുവതി. തന്റെ പ്രദേശത്തെ അമ്പലങ്ങളും തെരുവുകളുമടക്കം ശുചീകരിച്ച് കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമാവുകയാണ് ഉസ്മ.  

ശുചീകരണ തൊഴിലാളികള്‍ വിരളമായി മാത്രം എത്താറുള്ള പഴയ ലഖ്‌നൗവിലെ സദത്ഗഞ്ച്, ക്യാമ്പ്‌ ബെല്‍ റോഡ്, ഹുസൈനാബാദ്, അമിനാബാദ് പ്രദേശത്തെ ഒറ്റപ്പെട്ട ഏകദേശം ഇരുപതോളം തെരുവുകളും ഫൈസുല്ലഗഞ്ച്, കൂടാതെ പ്രദേശത്തെ ആരാധാനാലയങ്ങളുമാണ് ഉസ്മ ശുചിയാക്കിയത്. ലഖ്‌ന യൂണിവേഴിസ്റ്റിയില്‍നിന്നു സോഷ്യല്‍വര്‍ക്ക് ബിരുദധാരിയും രണ്ട് കുട്ടികളുടെ മാതാവുമാണ് ഉസ്മ.

'അമ്പലങ്ങളും റോഡുകളും മറ്റ് സ്ഥലങ്ങളുമെല്ലാം ശുചീകരിക്കുമ്പോള്‍ ആളുകള്‍ തുറിച്ച് നോക്കുന്നത് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ അസാധാരണമായി ഒന്നും ചെയ്യുന്നതായി എനിക്ക് തോന്നുന്നില്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. ഈ ദുര്‍ഘടമായ സമയത്ത് ഇത് മാത്രമാണ് മറ്റുള്ളവരില്‍നിന്നും പ്രതീക്ഷിക്കുന്നത്.' - ഉസ്മ സെയിദ് പര്‍വീന്‍ പറയുന്നു. 

"കൊറോണ എന്ന മഹാമാരിയെ ആദ്യഘട്ടത്തില്‍ വളരെ കാര്യമായി എടുത്തിരുന്നില്ല. മറ്റുള്ളവരെപ്പോലെ തന്നെ ഒരു സാധാരണ കാര്യമായി തന്നെയാണ് കരുതിയിരുന്നത്. എന്നാല്‍ വളരെ വേഗത്തില്‍ രോഗം വ്യാപിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇക്കാര്യം ഗൗരവത്തിലെടുക്കുകയും വൈറസിനെതിരായ പോരാട്ടത്തില്‍ ഓരോ വ്യക്തികളുടേയും സംഭാവന വേണമെന്ന് മനസിലാക്കിയത്. ഇതോടെയാണ് വളരെ വിരളമായി മാത്രം ശുചീകരിക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്." 

എന്നാല്‍ ആദ്യഘട്ടത്തില്‍ ഭര്‍ത്താവിനേയും വീട്ടുകാരേയും ഇക്കാര്യം സമ്മതിപ്പിക്കുക എന്നത് വളരെ പ്രയാസമായിരുന്നു. പ്രത്യേകിച്ച് നോമ്പുകാലം കൂടി ആയതിനാല്‍. കൂടാതെ സ്ത്രീകള്‍ പുരുഷന്മാരുടെ ജോലികള്‍ ചെയ്യുന്നത് നല്ലതല്ലെന്ന് സ്വന്തം സമുദായത്തില്‍നിന്നുള്ളവര്‍ പോലും ഉപദേശിച്ചിരുന്നു. തന്റെ തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ ഉസ്മ തയാറല്ലായിരുന്നു. 

'പിന്നീട് എല്ലാവരും എന്റെ തീരുമാനം സമ്മതിക്കുകയും ഏപ്രില്‍ 27 മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ആയിരുന്നു. എന്റെ രണ്ട് കുട്ടികളും ഉറങ്ങിക്കിടക്കുമ്പോഴാണ് രാവിലെ ഏഴ് മണിക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ ആദ്യമായി പോയത്' - ഉസ്മ ഓര്‍ക്കുന്നു. 

"ആദ്യം എന്റെ വീടിന്റെ സമീപത്തുള്ള സദാത്ഹഞ്ച് പ്രദേശത്താണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യം എല്ലാവരുടേയും തുറിച്ചുനോട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറുകയും സാധാരണമായി മാറുകയുമായിരുന്നു. അമ്പലങ്ങളോ ഗുരുദ്വാരകളോ ശുചിയാക്കുകയാണെന്ന് കരുതിയല്ല ചെയ്തത്. പ്രദേശത്തെ മറ്റെല്ലാ കെട്ടിടങ്ങളേയും പോലെയാണ് ഇതും കണ്ടത്. കൂടാതെ ശുചീകരണത്തിനിടെ ഫെയിസ്ബുക്ക് ലൈവില്‍ എത്തുകയും തന്റെ പ്രവര്‍ത്തനങ്ങളെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തിരുന്നു."

ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ നിരവധി തൊഴിലാളികള്‍ക്ക് ഭക്ഷണവസ്തുക്കളും മറ്റ് അവശ്യപദാര്‍ഥങ്ങളും എത്തിച്ച് നല്‍കുകകയും ചെയ്തിട്ടുണ്ട്. തന്റെ സമ്പാദ്യത്തില്‍ നിന്ന് ഏകദേശം 95000 രൂപ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. അതിനായി ഇതിനെക്കാള്‍ മറ്റൊരു നല്ല മാര്‍ഗമില്ലെന്നുമാണ് താന്‍ കരുതുന്നതെന്നും പറയുകയാണ് ഉസ്മ.

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

  Content Highlights: Lucknow women sanitises temples and streets during lock down