സര്‍വീസ് റദ്ദാക്കി; ആടുകളെ വിറ്റ് ടിക്കറ്റെടുത്ത തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന് വിമാനക്കമ്പനി
മുംബൈ: ആടുകളെ വിറ്റ പണംകൊണ്ട് സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തെങ്കിലും യാത്ര മുടങ്ങിയ കുടിയേറ്റ തൊഴിലാളിക്ക് സഹായവുമായി വിമാനക്കമ്പനി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് മുംബൈയില്‍നിന്ന് പശ്ചിമ ബംഗാളിലെ സ്വന്തം വീട്ടിലെത്താന്‍ യാത്രാസൗകര്യം ഒരുക്കുന്നത്.
മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ വരുമാനമൊന്നുമില്ലാതെ പ്രയാസത്തിലായിരുന്നു കുടിയേറ്റ തൊഴിലാളികള്‍. വിമാന ടിക്കറ്റിനുള്ള 30,600 രൂപയ്ക്കായി പല മാര്‍ഗങ്ങളും നോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ ഇവരില്‍ ഒരാളുടെ വീട്ടിലെ ആകെ സമ്പാദ്യമായ ആടുകളെ വിറ്റ് പണം അയച്ചുനല്‍കി. അങ്ങനെ ടിക്കറ്റെടുത്തെങ്കിലും വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയതായി അറിയുന്നത്. ടിക്കറ്റ് തുക റീഫണ്ട് ചെയ്ത് ലഭിച്ചതുമില്ല.
കുടിയേറ്റ തൊഴിലാളികളുടെ ദയനീയവാസ്ഥ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ സഹായിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുന്നോട്ടു വന്നത്. വിമാനം റദ്ദാക്കിയതു മൂലം കൊല്‍ക്കത്തയിലേയ്ക്കുള്ള യാത്ര മുടങ്ങിയ മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ജൂണ്‍ ഒന്നിന് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായി കമ്പനി അറിയിച്ചു.
ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും പശ്ചിമ ബംഗാള്‍ അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല. കോവിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗണും ഉംപുന്‍ ചുഴലിക്കാറ്റ് മൂലമുള്ള പ്രതിസന്ധികളും മൂലം മേയ് 28 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് പശ്ചിമ ബംഗാള്‍ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ വിവിധ ഇടങ്ങളിലേയ്ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടിരുന്നെങ്കിലും പകുതിയോളം സര്‍വീസുകള്‍ പിന്നീട് റദ്ദാക്കേണ്ടിവന്നു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ഇതോടെ പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ തകരാറുകള്‍ മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ റദ്ദാക്കിയ വിമാനങ്ങളിലെ ടിക്കറ്റ് തുക പണമായി മടക്കി നല്‍കാനാവില്ലെന്നും ഈ തുകയ്ക്ക് പിന്നീട് യാത്ര അനുവിദിക്കാമെന്നുമാണ് വിമാനക്കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇതുമൂലമാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ഇവര്‍ തീവണ്ടി ടിക്കറ്റിനായി ശ്രമിച്ചെങ്കിലും അതും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Bengali Man Who Sold His Goats For Tickets Will Finally Fly Home