രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; വാര്‍ത്ത അഭ്യൂഹമെന്ന് ആഭ്യന്തര മന്ത്രാലയം

നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതല്‍ ഇളവുകള്‍ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ നല്‍കിക്കൊണ്ടാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ ആലോചിക്കുന്നത്

https://www.mathrubhumi.com/polopoly_fs/1.4717873.1587849115!/image/image.jpg_gen/derivatives/landscape_894_577/image.jpg
representative image

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടന്നാണ് മന്ത്രിസഭ ഉപസമിതിയുടെ വിലയിരുത്തല്‍. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി

നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതല്‍ ഇളവുകള്‍ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ നല്‍കിക്കൊണ്ടാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ ആലോചിക്കുന്നത്. ലോക്ക്ഡൗണ്‍ സംബന്ധിച്ച ഒരു പൊതുമാര്‍ഗ രേഖ മാത്രമായിരിക്കും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അഞ്ചാംഘട്ടത്തിലുണ്ടാവുകയെന്നാണ് സൂചന. മേയ് 31നാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. 

പൊതുഗതാഗതത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവും അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗരേഖയിലുണ്ടായേക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന വിവരം. അതേസമയം സിനിമ തീയറ്ററുകളും മാളുകളും അടുത്ത ഘട്ടത്തിലും പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ജിം, ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വിട്ടേക്കും.

content highlights: lock down, lock down may extened to two weeks