https://assets.doolnews.com/2020/05/bevq-1-399x227.jpg

ബെവ് ക്യൂ ആപ്പ് ട്രയല്‍ റണ്‍ നടത്തി; രണ്ട് മിനിറ്റില്‍ 20,000 ത്തിലധികം ഡൗണ്‍ലോഡുകള്‍

by

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ് ക്യൂ ആപ്പ് ട്രയല്‍ റണ്‍ നടത്തി. രണ്ട് മിനിറ്റില്‍ 20,000 ത്തിലധികം ഡൗണ്‍ലോഡുകളാണ് പ്ലേ സ്റ്റോറില്‍ ഉണ്ടായത്.

ബെവ് ക്യൂ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം എക്‌സൈസ് മന്ത്രി വാര്‍ത്താസമ്മേളനവും നടത്തുമെന്നും അറിയിച്ചിരുന്നു.

കൊച്ചി കടവന്ത്രയിലെ സ്റ്റാര്‍ട്ട് അപ് കമ്പനിയായ ഫെയര്‍കോഡ് ടെക്‌നോളജീസ് വികസിപ്പിച്ച ബെവ് ക്യൂ ആപ്പിന് ഇന്നലെയാണ് ഗൂഗിള്‍ അനുമതി ലഭിച്ചത് വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷനാണ് അനുമതി ലഭിച്ചത്.

ആപ്പ് ഉപയോഗിച്ച് ഇന്ന് മുതല്‍ മദ്യം ബുക്ക് ചെയ്യാനാകും. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതലാണ് മദ്യം വാങ്ങിക്കാനാകുക. ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം.

അവിടെ ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം അടച്ച് മദ്യം വാങ്ങിക്കാവുന്നതാണ്. ഒരു തവണ ബുക്ക് ചെയ്താല്‍ നാല് ദിവസം കഴിഞ്ഞുമാത്രമെ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി മൂന്ന് ലിറ്റര്‍ വരെ മദ്യം വാങ്ങാനാകും

സ്മാര്‍ട് ഫോണും സാധാരണ ഫോണും ഉപയോഗിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന രണ്ട് തരം സംവിധാനമാണ് ഓണ്‍ലൈന്‍ മദ്യ വിതരണത്തിന് ഒരുക്കുന്നത്. 21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്യാനാകുക.

സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകള്‍, 511 ബാറുകള്‍, 222 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലുമാണ് മൊബൈല്‍ ആപ്പ് ലഭ്യമാക്കുക. ഇരുസംവിധാനങ്ങളിലും ഓണ്‍ലൈന്‍ പേയ്മെന്റ് ലഭ്യമല്ല.

ആപ്പിലൂടെ മദ്യം ഓര്‍ഡര്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇങ്ങനെ.. ;

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ പ്ലേ സ്റ്റോര്‍ വഴി ആപ് ഡൗണ്‍ലോഡ് ചെയ്യുക.

ആപ്പിലേക്ക് പ്രവേശിച്ച ഉടനെ ജില്ല തെരഞ്ഞെടുക്കുക.

മദ്യം ബുക്ക് ചെയ്യുന്ന ആള്‍ക്ക് ഏത് സ്ഥലത്താണോ മദ്യം എത്തേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തെരഞ്ഞെടുക്കുക. നല്‍കുന്ന പിന്‍കോഡിന്റെ പരിധിയില്‍ ബാര്‍ ഔട്ട് ലെറ്റുകള്‍ ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് നല്‍കി വീണ്ടും ബുക്ക് ചെയ്യുക.

മദ്യം വാങ്ങാന്‍ എത്തുന്ന സമയം തെരഞ്ഞെടുക്കുക. ഇതുവഴി ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാകും.

ഓരോ ഔട്ട് ലെറ്റുകള്‍ക്കും ടൈം സ്ലോട്ടുകള്‍ ഉണ്ടാകും. ഇതില്‍ ഒരു ഔട്ട് ലെറ്റ് തെരഞ്ഞെടുത്താല്‍ ക്യൂ ആര്‍ കോഡോ ടോക്കണ്‍ നമ്പരോ ലഭിക്കും. ബുക്കിങ് സമയത്ത് അനുവദിച്ച സമയത്ത് ഔട്ട് ലെറ്റില്‍ എത്താനായില്ലെങ്കില്‍ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക