https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2020/5/27/govindan-2.jpg
ഗോവിന്ദൻ തന്റെ ടൈലറിങ് കടയിൽ

മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസം; കോവിഡ് കാലത്ത് ഗോവിന്ദന് ഇത് അപ്രതീക്ഷിത തിരിച്ചുപോക്ക്

by

ഷാർജ∙ മൂന്നു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം ഇങ്ങനെ ഒരു അടിയന്തര സാഹചര്യത്തിൽ പര്യവസാനിപ്പിക്കേണ്ടി വരുമെന്ന് പി.വി.ഗോവിന്ദൻ ഒരിക്കലും കരുതിയിരുന്നില്ല. 38 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പ്രത്യേക വിമാനത്തിൽ ഇന്നലെ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ  കണ്ണൂർ ചേലേരി സ്വദേശിയായ ഗോവിന്ദൻ എന്ന 68കാരന് ഇൗ രാജ്യത്തെക്കുറിച്ച് നല്ലോർമകൾ മാത്രമേ പങ്കിടാനുള്ളൂ.

1982-ൽ ഷാർജ ഇന്ത്യൻ അസോസിയേഷനു പിറകുവശമുള്ള അൽ മത്രൂഷി എന്ന ടെയ്‌ലറിങ് സ്ഥാപനത്തിൽ തയ്യൽക്കാരനായാണ് ഇദ്ദേഹം പ്രവാസ ജീവിതം ആരംഭിച്ചത്. 30 വർഷം അവിടെ ജോലി ചെയ്തു. 2011ൽ അന്നത്തെ ഉടമ സ്ഥാപനം നിർത്തി പോകുന്ന അവസരത്തിൽ അത് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ജീവിതത്തിലെ ഒട്ടേറെ വഴിത്തിരിവുകൾ സംഭവിച്ചത് ഇക്കാലത്താണ്.

മനുഷ്യനെ തിരിച്ചറിയുന്ന പുരോഗമന വാദിയാണെങ്കിലും ജീവിതത്തിൽ ഇന്നേവരെ മൈബെൽ ഫോൺ ഉപയോഗിക്കാത്ത അപൂർവം ചിലരിലൊരാളാണ് ഷാർജയിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രിയപ്പെട്ട ഗോവിന്ദേട്ടൻ.  തന്റെ കടയിലെ ലാൻഡ് ലൈനിൽ കൂടിയാണ് ഇദ്ദേഹം പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. കൂടുതൽ സമയവും കടയിലായതിനാൽ ഇദ്ദേഹത്തെ ബന്ധപ്പെടാൻ ആളുകൾക്ക് മൊബൈൽ ഫോൺ തന്നെ വേണമെന്നുമില്ലായിരുന്നു. തനിക്ക് സാധിക്കും വിധം മറ്റുള്ളവർക്ക് സഹായം ചെയ്യാൻ ഇദ്ദേഹം എന്നും മുൻപന്തിയിലുണ്ടാകാറുണ്ട്. പക്ഷേ, ഇത് ആരേയും അറിയിക്കാറില്ലെന്നേയുള്ളൂ. വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് വർഷങ്ങളായി വസ്ത്രങ്ങൾ നൽകിയിരുന്ന കാര്യം വളരെ അടുത്ത സുഹ്യത്തുക്കൾ പോലും അറിഞ്ഞത് ഈയടുത്താണ്. 

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2020/5/27/govindan.jpg
പി.വി.ഗോവിന്ദൻ

ജീവിതം അല്ലലും അലട്ടലുമില്ലാതെ, ആരോടും ശത്രുതയോ ഇഷ്ടക്കുറവോ ഇല്ലാതെ മുന്നോട്ട് ഒഴുകുന്നതിനിടെയാണ് മഹാമാരി എല്ലാ പ്രതീക്ഷകളും തകർത്തത്. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ തുണയില്ലാതെ ജീവിതം മുന്നോട്ടു പോകുന്നത് പ്രയാസകരമാണെന്ന് തിരിച്ചറിഞ്ഞ് കൂടുതൽ ആലോചിക്കാതെ നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. 

ഒരു പുരുഷായുസ്സിന്റെ മുക്കാൽ ഭാഗവും ഉറ്റവർക്കും ഉടയവർക്കുമായി  ജീവിച്ച താൻ ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം കഴിയുകയാണെന്ന് അദ്ദേഹം സുഹൃത്തുക്കളോടും പരിചയക്കാരോടും വ്യക്തമാക്കി യാത്ര ചോദിച്ചു. ഈ മാസം 25ന് 68–ാം പിറന്നാൾ ആഘോഷിച്ച ഗോവിന്ദൻ അതിന്റെ പിറ്റേദിവസമാണ്  നാട്ടിലേക്ക് മടങ്ങിയത്. യുഎഇയിലെ ചെരാത് കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയായ ഇദ്ദേഹത്തിനു കൂട്ടായ്മ ഓൺലൈൻ മീറ്റിങ്ങിലൂടെ യാത്രയയപ്പു നൽകി.