https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2020/5/27/sachin-koli-sewag.jpg
സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, വീരേന്ദർ സെവാഗ്

ക്രിക്കറ്റ് മെക്കയിൽ ‘കളിമറന്ന’ 11 പ്രതിഭകൾ; 3 ഇന്ത്യക്കാർ, പ്രതീക്ഷ കോലിയിൽ

by

ലണ്ടൻ∙ ക്രിക്കറ്റിന്റെ മെക്കയെന്നാണ് ഇംഗ്ലണ്ടിലെ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വിളിപ്പേര്. അവിടെ ക്രിക്കറ്റ് കളിക്കുകയെന്നതു തന്നെ ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. ലോർഡ്‍സിൽ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവുമെല്ലാം സ്വന്തമാക്കുന്നതു ചരിത്രത്തിന്റെ ഭാഗമാകുന്നതിന് സമാനമായാണ് ക്രിക്കറ്റ് പ്രേമികൾ കണക്കാക്കുക. നേട്ടങ്ങൾ സ്വന്തമാക്കിയവരുടെ പേരുകൾ സ്റ്റേഡിയത്തിലെ ഓണേഴ്സ് ബോർഡിൽ വരച്ചിടുന്നത് ക്രിക്കറ്റ് താരങ്ങൾക്കുള്ള ആദരമാണ്.

പക്ഷേ ലോകം കണ്ട പല വലിയ ക്രിക്കറ്റ് താരങ്ങള്‍ക്കും ലോർഡ്സ് സ്റ്റേഡിയത്തിലെ ഈ ബോർ‍ഡിൽ സ്വന്തം പേരുകൾ എഴുതിച്ചേർക്കാൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള പ്രതിഭകളുടെ 11 അംഗ ടീം തയാറാക്കി ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിട്ടിരിക്കുകയാണ് ലോര്‍ഡ്സ് സ്റ്റേഡിയം. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡബ്ല്യു.ജി. ഗ്രേസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ടീമിന്റെ ക്യാപ്റ്റനും ഗ്രേസ് ആണ്. 870 ഫസ്റ്റ് ക്ലാസ് മാച്ചുകളാണ് ഗ്രേസിന്റെ കരിയറിലുള്ളത്. 22 ടെസ്റ്റുകൾ കളിച്ച താരം ലോർഡ്സിൽ ഇറങ്ങിയത് 5 മൽസരങ്ങളിൽ മാത്രം. ലോർഡ്സിൽ താരത്തിന്റെ ഉയർന്ന സ്കോർ 75 റൺസാണ്. 5 കളികളിൽനിന്ന് 214 റൺസ്.

ഗ്രേസിനൊപ്പം ടീമിൽ ഓപ്പണറായെത്തുന്നത് ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ലോര്‍ഡ്സിൽ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും കളിച്ച സെവാഗ് രണ്ട് വട്ടം അർധ സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ 84, 71 സ്കോറുകള്‍ക്കു താരം പുറത്താകുകയായിരുന്നു. സച്ചിൻ തെൻഡുൽക്കർ, ബ്രയാൻ ലാറ, വിരാട് കോലി എന്നിവരാണു മധ്യനിരയിലുള്ളത്. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തും ഇപ്പോഴും പകരം വയ്ക്കാൻ ആളില്ലാതിരുന്ന താരങ്ങളാണ് സച്ചിനും ലാറയും. എന്നാല്‍ ഇരുവർക്കും ലോർഡ്സിൽ സെഞ്ചുറി തികയ്ക്കാൻ സാധിച്ചിട്ടില്ല. ലോർഡ്സിൽ സച്ചിൻ 5 ടെസ്റ്റുകളും 3 ഏകദിന മൽസരങ്ങളുമാണു കളിച്ചത്. ഈ മൽസരങ്ങളിൽ നേടിയ ഉയർന്ന സ്കോർ 37.

നിലവിൽ ക്രിക്കറ്റ് കളിക്കുന്ന വിരാട് കോലിയും ലോർഡ്സിലെ ‘ഭാഗ്യമില്ലാത്തവരുടെ’ ടീമിലുണ്ട്. രണ്ട് ടെസ്റ്റും രണ്ട് ഏകദിനങ്ങളും കളിച്ച കോലി ആകെ നേടിയത് 126 റൺസാണ്. എങ്കിലും കോലിയുടെ കാര്യത്തിൽ ആരാധകർക്കു പ്രതീക്ഷ വയ്ക്കാം. ലോർഡ്സിലെ ഓണേഴ്സ് ബോര്‍ഡിൽ പേരെഴുതി ചേർക്കാൻ താരത്തിന് മുന്നിൽ ഇനിയും സമയം ഏറെയുണ്ട്. ടീമിൽ ഓൾ റൗണ്ടറായി ആകെയുള്ളത് ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് മാത്രമാണ്. 90 റണ്‍സിൽ നിൽക്കെ ലോർഡ്സിൽ പുറത്തായി സെഞ്ചുറി നഷ്ടമായ ആദം ഗിൽക്രിസ്റ്റാണ് വിക്കറ്റ് കീപ്പർ.

ബോളിങ് നിരയിൽ ഷെയ്ൻ വോൺ, വാസിം അക്രം, ഡെന്നീസ് ലില്ലി, കർട്‍‌ലി അംബ്രോസ് എന്നിവരുമുണ്ട്. ബാറ്റ്സ്മാൻമാരെ ക്രീസിൽ വിറപ്പിച്ച ഈ ബോളർമാർ ലോര്‍ഡ്സിൽ എന്തുകൊണ്ട് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയില്ലെന്നത് ആരാധകരെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. ടീം ഇങ്ങനെ– ഡബ്ല്യു.ജി. ഗ്രേസ് (ക്യാപ്റ്റൻ), വിരേന്ദർ സെവാഗ്, സച്ചിൻ തെൻഡുൽക്കർ, ബ്രയാൻ ലാറ, വിരാട് കോലി, ജാക് കാലിസ്, ആദം ഗിൽക്രിസ്റ്റ് (വിക്കറ്റ് കീപ്പർ), ഷെയ്ൻ വോണ്‍, വാസിം അക്രം, ഡെന്നിസ് ലില്ലി, കര്‍ട്‌ലി അംബ്രോസ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തോമസ് ലോഡ് എന്ന വ്യാപാരിയുടെ ആശയമാണ് ലോർഡ്സ് മൈതാനമായി രൂപപ്പെട്ടത്. വിക്ടോറിയൻ യുഗത്തെ ഓർമപ്പെടുത്തുന്നതാണ് ലോർഡ്സിന്റെ നിർമാണ വൈഭവം. മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) ഉടമസ്ഥതയിലുള്ള ലോർഡ്സ് ‘ക്രിക്കറ്റിന്റെ ഭവനം’ എന്നാണ് അറിയപ്പെടുന്നത്. ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ, ക്രിക്കറ്റിന്റെ തറവാട്ടുമുറ്റം, ക്രിക്കറ്റിന്റെ വിശുദ്ധഭൂമി, ക്രിക്കറ്റിന്റെ മെക്ക എന്നീ വിളിപ്പേരുകളുമുണ്ട്.

ഓണേഴ്സ് ബോർഡ്: ലോര്‍‌ഡ്സിൽ സെഞ്ചുറിയോ ഒരു ഇന്നിങ്സിൽ അഞ്ചു വിക്കറ്റോ മൽസരത്തിൽ പത്തുവിക്കറ്റോ നേടുന്നവരാണ് ഓണേഴ്സ് ബോർഡിൽ ഇടം പിടിക്കുക. ലോർഡ്സിലെ ഫീൽഡിനും ഒരു സവിശേഷതയുണ്ട്. ഫീൽഡിന്റെ വ്യക്തമായ ചെരിവ് ഈ മൈതാനത്തെ മറ്റു കളിക്കളങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നു.

English Summary: Lord’s Cricket Ground releases non-honour’s board XI; three Indians make it to the list