വെബ്‌സീരീസ് വര്‍ഗ്ഗീയ വിദ്വേഷം തുപ്പുന്നു ; നിര്‍മ്മാതാവ് അനുഷ്‌ക്കയെ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി ഉപേക്ഷിക്കണമെന്ന് ബിജെപി എംഎല്‍എ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398824/kohli.jpg

നിര്‍മ്മാതാവ് എന്ന നിലയില്‍ ഇതിനകം ബോളിവുഡില്‍ പേരെടുത്തു കഴിഞ്ഞിരിക്കുന്ന നടി അനുഷ്‌ക്കാ ശര്‍മ്മയുമായി വിവാഹബന്ധം വേര്‍പെടുത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി തയ്യാറാകണമെന്ന് ബിജെപി എംഎല്‍എ. അനുഷ്‌ക്ക ശര്‍മ്മ നിര്‍മ്മാണ പങ്കാളിയായ വെബ് സീരീസ് ‘പാതാള്‍ ലോകു’ മായി ബന്ധപ്പെട്ട് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നെന്നും വര്‍ഗ്ഗീയ സംഘര്‍ഷത്തിന് കാരണമാകുന്നെന്നും ആരോപിച്ച് ഉത്തര്‍ പ്രദേശ് എംഎല്‍എ നന്ദകിഷോര്‍ ഗുര്‍ജാറാണ് രംഗത്ത് വന്നിരിക്കുന്നത്.

അനുഷ്‌ക്കയ്‌ക്കെതിരേ ഡല്‍ഹിയിലെ ലോനി പോലീസ് സ്‌റ്റേഷനില്‍ ഗുര്‍ജാര്‍ ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ച് പരാതിയും നല്‍കി. സിനിമയില്‍ ഗുര്‍ജാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് എംഎല്‍എയുടെ ആരോപണം. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസ് കൊടുത്തിരിക്കുന്നത്. സീരിസില്‍ ഗുര്‍ജാറുകളുടെ പ്രതിഛായ തകര്‍ക്കുന്നു എന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ എന്ന നിലയില്‍ ഇന്ത്യാക്കാരുടെ മുഴുവന്‍ പ്രതീകമായ വിരാട് കോഹ്‌ലി അനുവദിച്ചു കൊടുക്കരുത് എന്നും പറയുന്നു. അനുഷ്‌ക്കയുമായി വിവാഹബന്ധം തന്നെ വേര്‍പെടുത്തണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ചിത്രം അനുമതിയില്ലാതെ വെബ്‌സീരീസില്‍ ഉപയോഗിച്ചെന്ന ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്.

വെബ് സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് കത്തെഴുതുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ നായകനായി രാജ്യത്തിന്റെ പൊതുസ്വത്തായി മാറിയിരിക്കുന്ന വിരാട് കോഹ്‌ലി അനുഷ്‌ക്കയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയാല്‍ അത് ശക്തമായ സന്ദേശമായി മാറുമെന്നാണ് എംഎല്‍എയുടെ അഭിപ്രായം. വെബ്‌സീരീസിനെതിരേ ഗോര്‍ഖാ വിഭാഗവും രംഗത്ത് വന്നിട്ടുണ്ട്.

സിനിമയില്‍ വനിതാപോലീസ് നേപ്പാളി കഥാപാത്രത്തെ വംശീയമായി ആക്ഷേപിക്കുന്ന രംഗം ഉണ്ടെന്നാണ് ഇവരുടെ ആരോപണം. ക്ലീന്‍ സ്ളേറ്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന വെബ് സീരീസില്‍ നടി അനുഷ്‌ക്കയും സഹോദരന്‍ കര്‍നേഷ് ശര്‍മ്മയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കഥയാണ് വെബ്സീരീസ് പറയുന്നത്. അവിനാശ് അരുണ്‍ പ്രോസിത് റോയി എന്നിവരാണ് സംവിധായകര്‍. മെയ് 5 ന് ആദ്യ ടീസര്‍ പുറത്തുവന്നത് മുതല്‍ സീരീസ് വിവാദത്തിലാണ്.