കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്താല്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; 20കാരിയായ അമ്മയും കുഞ്ഞും മരിച്ചു; സമീപിച്ചത് ആറ് ഡോക്ടര്‍മാരെ; എല്ലാവരും കൈയ്യൊഴിഞ്ഞു

by

ഹൈദരാബാദ്: (www.kvartha.com 27.05.2020) കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് പൂര്‍ണ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചതായി റിപ്പോര്‍ട്ട്. പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ആറ് ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ആരും ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നും തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മനസാക്ഷിയെ നടുക്കുന്ന സഭവം നടന്നത്.

ജനീല എന്ന 20കാരിയാണ് ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും ഉത്തരവാദിത്വ രഹിതമായ സമീപനം മൂലം മരണത്തിന് കീഴടങ്ങിയത്. ജോഗുലാംബ ഗഡ്വാല്‍ ജില്ലയിലാണ് യുവതിയുടെ വീട്. ഇവരുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം കോവിഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തുനിന്ന് വന്നതിനാലാണ് ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാതിരുന്നത്.

https://1.bp.blogspot.com/-4s2YWIMTvno/Xs5juRQcwkI/AAAAAAAB1Mw/Vzy-pkr3vBQIbgM8PagKltlY6hlOGRiRQCLcBGAsYHQ/s1600/Baby.jpg

ഏപ്രില്‍ 23ന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ രജോലിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് സംശയത്തെ തുടര്‍ന്ന് ഗഡ്വാള്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് അയച്ചു. അവിടെനിന്ന് മഹബൂബ് നഗര്‍ ജില്ലാ ആശുപത്രിയിലേയ്ക്കും അവിടുന്ന് സര്‍ക്കാര്‍ മിലിട്ടറി ആശുപത്രിയിലേയ്ക്കും അയച്ചു.

അവിടെ നിന്ന് ഗാന്ധി ഹോസ്പിറ്റലിലേയ്ക്ക് അയച്ചു. ഇവിടെവെച്ച് കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. എങ്കിലും അവര്‍ ചികിത്സ നല്‍കാന്‍ തുനിയാതെ അവിടെനിന്ന് യുവതിയെ പെട്ലാബുര്‍ജ് ആശുപത്രിയിലേയ്ക്ക് പറഞ്ഞുവിട്ടു. ഇവിടെവെച്ച് ഏപ്രില്‍ 25ന് ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മംനല്‍കി.

പ്രസവിച്ച് അടുത്ത ദിവസം അമ്മയെയും കുഞ്ഞിനെയും നിലൗഫര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെവെച്ച് കുട്ടി മരിച്ചു. പിന്നീട് ജനീലയെ ഒസ്മാനിയ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെവെച്ച് അടുത്ത ദിവസം യുവതിയും മരിച്ചു.

ഉത്തരവാദിത്വരഹിതമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായി തെലങ്കാന സ്പെഷല്‍ ചീഫ് സെക്രട്ടറി ശാന്തി കുമാരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

Keywords: Telangana Mother, Baby Die After Hospitals Refuse Care Over COVID-19 Fear, Child, Woman, Pregnant Woman, Dead, Hospital, Treatment, Court, Report, National.