അഞ്ജനയുടെ മരണം: ബ്രണ്ണനിലെ ക്യാംപസ് ജിവിതവും പൊലീസ് അന്വേഷിക്കുന്നു

by

തലശ്ശേരി: (www.kvartha.com 27.05.2020) ദുരൂഹ സാഹചര്യത്തില്‍ മരിച്ച അഞ്ജന ഹരിദാസെന്ന വിദ്യാര്‍ത്ഥിനിയുടെ ക്യാംപസ് ജീവിതം പൊലീസ് അന്വേഷിക്കുന്നു. നേരത്തെ ബ്രണ്ണനില്‍ സര്‍വാധിപത്യമുള്ള എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഈ പെണ്‍കുട്ടി പിന്നീട് ചില സെക് ടോറിയന്‍ ചിന്തകളുടെ ഓരം ചേര്‍ന്ന് സംഘടനയില്‍ നിന്നും അകലുകയായിരുന്നു. അതിതീവ്രവാദ സംഘടനകളുമായി അഞ്ജനയ്ക്ക് ബന്ധമുണ്ടോയെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. നേരത്തെ പന്തീരങ്കാവ് മാവോവാദി കേസില്‍ ആരോപണ വിധേയനായ അലന്‍ തലശേരിയിലെ തന്നെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥിയായിരുന്നു.

തലശേരി ബ്രണ്ണന്‍ കോളജ് ബിരുദവിദ്യാര്‍ഥിനിയായ അഞ്ജനയെ മേയ് 13നാണ് ഗോവയിലെ ഒരു റിസോര്‍ട്ടിനടുത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ ഇടത് സംഘടനകളിലടക്കം സജീവ പ്രവര്‍ത്തകയായിരുന്ന അഞ്ജന ഏറെക്കാലമായി വീട്ടില്‍ നിന്ന് അകന്നായിരുന്നു കഴിഞ്ഞത്. കോളജിലെ സുഹൃത്തുക്കളാണ് അഞ്ജനയെ വീട്ടില്‍ നിന്ന് അകന്ന് താമസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കാണിച്ച് നാലുമാസം മുമ്പ് അഞ്ജനയുടെ അമ്മ മിനി ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണത്തില്‍ കോഴിക്കോട്ടുനിന്നും അഞ്ജനയെ കണ്ടെത്തി. പൊലീസ് യുവതിയെ വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പാലക്കാട്ടും കോയമ്പത്തൂരിലുമായി ഏറെനാളത്തെ ലഹരി വിമോചന ചികിത്സയ്ക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചു വരാതായതോടെ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി. കോഴിക്കോട്ട് ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പൊലീസ് കണ്ടെത്തി ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും തനിക്ക് അമ്മയോടൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചു.

കോഴിക്കോട് സ്വദേശിനിയായ യുവതിക്കൊപ്പമാണ് അഞ്ജന പോയത്. പിന്നീട് കോഴിക്കോടായിരുന്നു താമസം. മാര്‍ച്ച് 17ന് മൂന്ന് സുഹൃത്തുക്കൊപ്പം ഗോവയിലേക്ക് പോയി. ഒരാഴ്ചത്തെ യാത്രയായിരുന്നു പദ്ധതി. അതിനിടെ പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണില്‍ അവിടെ കുടുങ്ങുകയായിരുന്നു. ഗോവയിലെ റിസോര്‍ട്ടിനു സമീപം ദുരൂഹസാഹചര്യത്തില്‍ യുവതി യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. കൂടാതെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും അഞ്ജന നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമായിട്ടുണ്ട്.

സ്വവര്‍ഗ ലൈംഗികതയില്‍ താത്പര്യക്കാരായ സംഘത്തിലെ അംഗമായിരുന്നു അഞ്ജന എന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് അഞ്ജനയുടെ മരണത്തിന് പിന്നില്‍ ചില സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടെന്ന സംശയവുമായി ബന്ധുക്കള്‍ എത്തിയത്. ഇതിന്റെ ഭാഗമായി ബ്രണ്ണനില്‍ പഠിച്ച കാലയളവില്‍ അഞ്ജന യോടൊപ്പം പഠിച്ചവരുടെയും പ്രവര്‍ത്തിച്ചവരുടെയും മൊഴി പൊലിസ് ശേഖരിക്കുമെന്നാണ് സൂചന.

https://1.bp.blogspot.com/-wag14zKBbzQ/Xs5d4tFRkSI/AAAAAAAAYpw/Au5DeYlAKzY50f2BXg9ne_7RHNrpInIgACLcBGAsYHQ/s1600/anjana.jpg

Keywords: Thalassery, News, Kerala, Death, Police, special report about anjana's death