വീടുകള്‍ കുത്തിത്തുറന്ന് മോഷണം; മൂന്ന് ജില്ലകളിലെ ഒട്ടേറെ കേസുകളുടെ ചുരുളഴിയുന്നു
കാളികാവ്(മലപ്പുറം): മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. വഴിക്കടവ് പൂവത്തിപ്പൊയില്‍ വാക്കയില്‍ അക്ബര്‍ (52) ആണ് കാളികാവ് പോലീസിന്റെ പിടിയിലായത്. ഒട്ടേറെ മോഷണക്കേസുകളുടെ ചുരുളഴിയുമെന്ന് പോലീസ് അറിയിച്ചു.
കാളികാവ് സ്റ്റേഷന്‍ പരിധിയിലെ വെള്ളയൂര്‍ ആക്കുംപാറില്‍ വാല്‍പറമ്പന്‍ ആമിനയുടെ വീട്ടില്‍നിന്ന് 17 പവന്‍ സ്വര്‍ണാഭരണവും 70,000 രൂപയും മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കാളികാവ്, വഴിക്കടവ് സ്റ്റേഷന്‍ പരിധികളില്‍ത്തന്നെ ഇയാളുമായി ബന്ധപ്പെട്ട് ആറ് കേസുകളുള്ളതായി പോലീസ് അറിയിച്ചു. മറ്റു ജില്ലകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.
ഫെബ്രുവരി 29-നാണ് ആമിനയുടെ വീട്ടില്‍ മോഷണം നടത്തിയത്. ആമിന മരുമകളുമായി ആശുപത്രിയില്‍ പോയതായിരുന്നു. സമീപത്തെ വീടിന്റെ പിറകില്‍ക്കിടന്ന കമ്പിയെടുത്ത് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.
ജില്ലയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ധിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍കരീം പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.സി. ഹരിദാസന്റെ നേതൃത്വത്തില്‍ കാളികാവ് പോലീസ് ഇന്‍സ്പെക്ടര്‍ പി. ജ്യോതീന്ദ്രകുമാറും എസ്.ഐ സി.കെ. നൗഷാദും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ആക്കുംപാറില്‍ മറ്റൊരു വീടിന്റെ പൂട്ടുപൊളിച്ച് 40,000 രൂപയും വഴിക്കടവ്, വട്ടപ്പാടം എന്നിവിടങ്ങളിലെ മൂന്ന് വീടുകളുടെ പൂട്ടുപൊളിച്ച് സ്വര്‍ണവും പണവും ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്ധ്യ, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.ടി. കൃഷ്ണകുമാര്‍, കെ.ടി. ആഷിഫ് അലി, സജീഷ്, രാരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Content Highlights: house breaking and theft in case three districts; accused arrested