'ജവാന്' 2000 രൂപ, കടത്തിയത് 5 ലക്ഷം രൂപയുടെ മദ്യം; വണ്ടൂരിലെ ബാറുടമയായ പ്രവാസി അറസ്റ്റില്‍

https://www.mathrubhumi.com/polopoly_fs/1.4787507.1590570623!/image/image.jpg_gen/derivatives/landscape_894_577/image.jpg
വണ്ടൂരിലെ ബാര്‍. ഇന്‍സെറ്റില്‍ അറസ്റ്റിലായ ബാറുടമ

നിലമ്പൂര്‍(മലപ്പുറം): വീട്ടില്‍ മദ്യവില്പന നടത്തിയ ബാറുടമ എക്‌സൈസിന്റെ പിടിയില്‍. വണ്ടൂരില്‍ സിറ്റി പാലസ് എന്ന ബാര്‍ നടത്തുന്ന പ്രവാസി വ്യവസായി വെള്ളയൂര്‍ ചെറുകാട് വീട്ടില്‍ നരേന്ദ്രനെ (51) യാണ് നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്.

എക്‌സൈസ് ഇന്റലിജന്റ് വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളിപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന നടുവത്ത് വീട്ടിലെത്തിയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.

അതേസമയം, മറ്റൊരുസംഘം അടച്ചിട്ട ബാറിലെത്തി പരിശോധന നടത്തി. ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് ബാറിലെ മദ്യത്തിന്റെ സ്റ്റോക്ക് എക്‌സൈസ് വകുപ്പ് സീല്‍ ചെയ്തതായിരുന്നു. അത് തകര്‍ത്ത് മദ്യമെടുത്ത് വില്‍പ്പന നടത്തിയത് കണ്ടെത്തിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

സ്റ്റോര്‍ മുറിയില്‍ കാണേണ്ട മദ്യത്തില്‍ കുറവുണ്ട്. 450 രൂപ വിലയുള്ള മദ്യം 2300 രൂപയ്ക്ക് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് നല്‍കി. അയാളത് 2600 രൂപയ്ക്ക് മറിച്ചുവിറ്റിരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജനകീയ ബ്രാന്‍ഡായിരുന്ന ജവാന്‍ 2000 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും പറയുന്നു. ഇത്തരത്തില്‍ അഞ്ചു ലക്ഷം രൂപയുടെ മദ്യം ബാറില്‍നിന്ന് കടത്തിയതായാണ് പ്രാഥമികവിവരം. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

Content Highlights: illegal liquor sale in lockdown period; bar owner arrested in nilambur malappuram