കുടിയേറ്റ തൊഴിലാളികളുടെ ദുരിതം: കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസും

കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ കര്‍മ്മ പരിപാടിയില്ലെന്ന് അപേക്ഷയില്‍ സുര്‍ജേവാല ആരോപിക്കുന്നു.

by
https://www.mathrubhumi.com/polopoly_fs/1.4423872.1580653430!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തില്‍ സ്വമേധയ എടുത്ത കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. 

കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ കര്‍മ്മ പരിപാടിയില്ലെന്ന് അപേക്ഷയില്‍ സുര്‍ജേവാല ആരോപിക്കുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കായി രാജ്യത്തെ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ എന്തൊക്കെയാണ് തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് ഓരോ തൊഴിലാളിയെയും ബോധ്യപ്പെടുത്തണമെന്ന് സുര്‍ജേവാല അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരിതം അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്ര സൗകര്യവും ഭക്ഷണവും താമസവും അടിയന്തിരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി നല്‍കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. മാധ്യമവര്‍ത്തകളുടെയും ചില കത്തുകളുടെയും അടിസ്ഥാനനത്തിലാണ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്ത വിഷയം പരിഗണിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നത്. 

കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് വ്യക്തമാക്കി പി. ചിദംബരം, കപില്‍ സിബല്‍, ഇന്ദിര ജയ്സിംഗ്, വികാസ് സിംഗ് തുടങ്ങി പ്രമുഖരായ 20 സീനിയര്‍ അഭിഭാഷകര്‍ തിങ്കളാഴ്ച്ച രാത്രി ചീഫ് ജസ്റ്റിസിനും സുപ്രീം കോടതി ജഡ്ജിമാര്‍ക്കും കത്ത് നല്‍കിയിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ വിഷയം നയപരമായ വിഷയമല്ലെന്നും അതില്‍ കോടതിക്ക് ഇടപെടാമെന്നുമായിരുന്നു കത്തിലെ ആവശ്യം.

content highlights: Migrant workers issue, Randeep Surjewala, congress seeks Supreme Courts permission to intervene in suo motu case